ഏത് അവിഹിതസഖ്യത്തിനും യുഡിഎഫിനെ രക്ഷിക്കാനാകില്ല: എ വിജയരാഘവൻ



പാലക്കാട്‌ ഏത്‌ അവിഹിത സഖ്യത്തിനും യുഡിഎഫിനെ രക്ഷിക്കാനാകില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന  എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ്‌ വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയുടെ‌ വിവിധ സ്വീകരണങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആകെ‌ പൊളിഞ്ഞ യുഡിഎഫ്‌‌ കേരളത്തിൽ രക്ഷപ്പെടില്ല. അക്രമ സമരത്തിലൂടെ എൽഡിഎഫിനെ തോൽപ്പിക്കാനാണ്‌‌ ശ്രമം. ഇത്‌ നടക്കില്ല. യുഡിഎഫുകാർക്ക്‌ അറിയുന്ന ഏക വികസനം അഴിമതിയാണ്‌.  വികസനത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താൻ  സാധിക്കാത്തതിനാൽ മറ്റ്‌ രീതിയിൽ ആക്ഷേപിക്കുകയാണ്‌. ഇത്തരം ആക്ഷേപങ്ങൾക്ക്‌ ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോരാഞ്ഞിട്ടാണ്‌ ‌‌ രാഹുൽ ഗാന്ധിയെ കൊണ്ടുവന്നത്‌.   ബിജെപിയും കോൺഗ്രസും സംസ്ഥാനത്ത്‌ ഉണ്ടാക്കുന്ന അവിഹിത രാഷ്‌ട്രീയ സഖ്യത്തെക്കുറിച്ച്‌ ഒരു വാക്കുച്ചരിക്കാൻ പറ്റാത്ത ദേശീയ നേതാവാണ്‌ രാഹുൽ ഗാന്ധി. ഇത്‌ അപമാനമാണ്‌‌. കോൺഗ്രസിന്റെ ദേശീയ നേതാവിൽനിന്ന്‌ വെറും വയനാട്‌ എംപിയിലേക്ക്‌ രാഹുൽ ഗാന്ധി ചുരുങ്ങി.  നാടിന്റെ മൗലിക പ്രശ്‌നങ്ങളെക്കുറിച്ച്‌ സംസാരിക്കാൻ കഴിയുന്ന നേതാവാകാൻ അദ്ദേഹത്തിന്‌ കഴിയുന്നില്ല‌.  നാട്ടിൽ ബിജെപി അപകടകരമായ നീക്കം നടത്തുമ്പോൾ അവർക്ക്‌ സഹായകരമായ നിലപാടാണ്‌ യുഡിഎഫ്‌ സ്വീകരിക്കുന്നത്‌.   ബിജെപിയെ പ്രതിരോധിക്കാൻ കരുത്തുള്ള ഇടതുപക്ഷം കേരളത്തിലുണ്ട്‌. നാടിന്റെ ഈ കരുത്ത്‌ തകർക്കാനാണ്‌ യുഡിഎഫ്‌ ശ്രമം‌. ഈ നാടിനെ പ്രതിരോധിച്ചുനിർത്തുമെന്ന്‌ ഇടതുപക്ഷം വാക്കുനൽകുന്നു–- എ വിജയരാഘവൻ പറഞ്ഞു. Read on deshabhimani.com

Related News