ഈ ഓണം ഞങ്ങള്‌ പൊളിക്കും



പാലക്കാട്‌  "ഒന്നര ഏക്കറിലാണ്‌ ഞങ്ങളുടെ ഓണക്കൃഷി. ചെണ്ടുമല്ലിയടക്കമുള്ള പൂക്കളും നേന്ത്രവാഴയും ഇക്കുറി കൃഷിയിറക്കുന്നുണ്ട്‌. നേന്ത്രവാഴക്കൃഷിയിലൂടെ ഞങ്ങളുടെ യൂണിറ്റ്‌ വഴി ചിപ്‌സുകൂടി ഓണവിപണിയിലെത്തിക്കാനാണ് ശ്രമം. ഏഴുപേരാണ്‌ ഗ്രൂപ്പിലുള്ളത്‌. കിളി ശല്യവും കാലാവസ്ഥയുമൊക്കെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും വിപണിയിലേക്ക്‌ നല്ല സംഭാവന നൽകാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ.  ഇത്തവണത്തെ ഓണം നമ്മൾ പൊളിക്കും' –- ലെക്കിടി പേരൂർ നെല്ലിക്കുറുശി രണ്ടാംവാർഡ്‌ നന്ദീശ്വരം ജെഎൽജി ഗ്രൂപ്പിലെ കർഷക പ്രീജ പറഞ്ഞു. സെപ്‌തംബറിൽ ഓണത്തിന്‌ വിഷമില്ലാത്ത സദ്യയൊരുക്കാനും പൂക്കളമൊരുക്കാനും പ്രീജയുടെയടക്കം നിരവധി കുടുംബശ്രീ ഗ്രൂപ്പുകളാണ്‌ ഇത്തവണ കൃഷിയിറക്കുന്നത്‌. ജില്ലയിലെ 194 കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ 258.7 ഏക്കറിലാണ്‌ പച്ചക്കറി കൃഷിയിറക്കിയത്‌. ഒപ്പം 87 സംഘകൃഷി ഗ്രൂപ്പുകൾ 60.6 ഏക്കറിൽ പൂവും കൃഷി ചെയ്യുന്നു. ഓണക്കനിയെന്ന പേരിലാണ്‌ ഇത്തവണത്തെ പച്ചക്കറിക്കൃഷി. ചീരയും വെണ്ടയും തക്കാളിയും പച്ചമുളകും പടവലവും വഴുതനയും പയറും മത്തനും ചേനയും എന്നുവേണ്ട സദ്യക്കുവേണ്ട എല്ലാ പച്ചക്കറികളും കൃഷി ചെയ്യും. പഴമായിട്ടും ചിപ്‌സായിട്ടും വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ട്‌ വാഴക്കൃഷി ചെയ്യുന്ന ഗ്രൂപ്പുകളുമുണ്ട്‌. നിറപ്പൊലിമയെന്ന പേരിലാണ്‌ പൂക്കൃഷി.  ജില്ലയിലെ കൃഷിയുടെ ഏറിയ പങ്കും ചെണ്ടുമല്ലിയാണ്‌. ഒപ്പം വാടാമല്ലി, റോസ്, അരളി, ജമന്തി, മുല്ല തുടങ്ങിയവയുമുണ്ട്‌. സ്‌ത്രീകൾക്ക്‌ തൊഴിലും വരുമാനവും ലക്ഷ്യമാക്കിയുള്ള പദ്ധതികൾ സ്‌ത്രീ ശാക്തീകരണ രംഗത്ത്‌ മുതൽക്കൂട്ടാകും. Read on deshabhimani.com

Related News