ശ്‌മശാനത്തിൽ വാതകച്ചോർച്ച; 5 പേർക്ക് പൊള്ളലേറ്റു
ചിറ്റൂർ പുഴപ്പാലം ശ്‌മശാനത്തിൽ വാതകച്ചോർച്ചയെത്തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പൊള്ളലേറ്റു. തത്തമംഗലം സ്വദേശികളായ മാധവൻ, ദിവാകരൻ, ജയപ്രകാശ്, മോഹനൻ, പ്രഭാകരൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ചൊവ്വ പകൽ പന്ത്രണ്ടോടെയാണ് അപകടം. തത്തമംഗലം പുക്കാട് സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെയാണ് അപകടം. ഗ്യാസിന്റെ മർദത്തിൽ ശ്‌മശാനത്തിന്റെ വാതിൽ തുറന്നു. സമീപത്തുനിന്ന അഞ്ച് പേർക്കാണ് പൊള്ളലേറ്റത്. ഇരുപതോളം പേരാണ് ശ്‌മശാനത്തിൽ ഉണ്ടായിരുന്നത്. ജീവനക്കാരൻ മണികണ്‌ഠന്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. വാതിൽ തുറന്നതിനെതുടർന്ന് ഗ്യാസ് സിലിണ്ടറിന്റെ വാൽവ് മണികണ്‌ഠൻ വേഗം അടച്ചു. പരിക്കേറ്റവരെ കൂടെയുണ്ടായിരുന്നവരും ജീവനക്കാരും ചേർന്ന് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്‌മശാനം അടച്ചിടും അപകടത്തെതുടർന്ന് വാതക ശ്മശാനം അടിയന്തര അറ്റകുറ്റപ്പണികൾക്കായി ബുധനാഴ്ച മുതൽ അടച്ചിടുമെന്ന് സെക്രട്ടറി അറിയിച്ചു. തുറക്കുന്ന തീയതി പിന്നീട് അറിയിക്കും. Read on deshabhimani.com