കഞ്ചിക്കോട്‌ സ്‌മാർട്ട്‌ സിറ്റി 6 വർഷത്തിനകം

കഞ്ചിക്കോട്‌ സ്‌മാർട്ട് സിറ്റിക്ക്‌ ഏറ്റെടുത്ത സ്ഥലം മന്ത്രിമാരായ പി രാജീവിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു. മന്ത്രി കെ കൃഷ്ണൻകുട്ടി, എ പ്രഭാകരൻ എംഎൽഎ എന്നിവർ സമീപം


പാലക്കാട്‌ കൊച്ചി –- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കഞ്ചിക്കോട്‌ ഉയരുന്ന സ്‌മാർട്ട്‌ സിറ്റി ആറ്‌ വർഷത്തിനകം യാഥാർഥ്യമാകുമെന്ന്‌ പ്രതീക്ഷ. 3,815 കോടിയുടെ പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ പാലക്കാടിന്റെ മുഖച്ഛായ മാറും.  ടൗൺഷിപ്‌, മാനുഫാക്‌ചറിങ്‌ ഫാക്ടറികൾ, റോഡ്‌, ജലസംഭരണി, മലിനജല പുനരുപയോഗ ശൃംഖല, വൈദ്യുതി സംവിധാനം, ഖരമാലിന്യ സംസ്‌കരണം, രണ്ട്‌ പുതിയ തടയണ, രണ്ട്‌ റെയിൽ ഓവർ ബ്രിഡ്‌ജ്‌, 100 മെഗാവാട്ടിന്റെ വിൻഡ്‌ ആൻഡ്‌ സോളാർ പദ്ധതി എന്നിവയും ഒരുങ്ങും. പുതുശേരി സെൻട്രലിൽ മാത്രം 134.4 ഏക്കർ സ്ഥലം റോഡ് വികസനത്തിന്‌ നീക്കിവയ്‌ക്കും. പുതുശേരി വെസ്‌റ്റിൽ 34.39 ഏക്കറും റോഡ്‌ വികസനത്തിനാണ്‌. കണ്ണമ്പ്രയിൽ 169.67 ഏക്കർ ഭൂമിയാണ്‌ വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുക. ഫുഡ്‌ ആൻഡ്‌ ബീവറേജസിന്‌ 107.34 ഏക്കറും നോൺ മെറ്റാലിക്‌ മിനറൽ പ്രൊഡക്ടിന്‌ 20.1 ഏക്കറും റബർ ആൻഡ്‌ പ്ലാസ്‌റ്റിക്‌ ഉൽപ്പന്നങ്ങൾക്ക്‌ 30.67 ഏക്കറും നീക്കിവയ്‌ക്കും. കോയമ്പത്തൂർ മുതൽ കൊച്ചിവരെ നീളുന്ന വ്യവസായ ഇടനാഴിയുടെ ഭാഗമായി ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങളാണ്‌ ഒരുങ്ങുന്നത്‌. പദ്ധതിക്ക്‌ ആവശ്യമുള്ള ഭൂമിയുടെ 80 ശതമാനവും അതിവേഗം ഏറ്റെടുത്തു. തുടർപ്രവർത്തനങ്ങളും പൂർത്തിയാക്കി. ചരിത്രത്തിലാദ്യമായാണ്‌ പദ്ധതി യാഥാർഥ്യമാക്കാനുള്ള ഡിപിആർ ഉൾപ്പെടെയുള്ളവ സമർപ്പിച്ച്‌ അംഗീകാരം വാങ്ങിയത്‌. വ്യവസായവകുപ്പിന്റെ പ്രത്യേക വിഭാഗം ഇതിനായി അഹോരാത്രം പ്രവർത്തിച്ചു. എല്ലാ അനുമതികളും ലഭിച്ചതോടെ ഇനി പദ്ധതി നടപ്പാക്കുകയാണ്‌ ലക്ഷ്യം.  കേന്ദ്ര സർക്കാർ ഫണ്ട്‌ ഒന്നിച്ചുലഭിച്ചാൽ രണ്ട്‌ വർഷത്തിനകം കഞ്ചിക്കോട്‌ മേഖലയിൽ സ്‌മാർട്‌ സിറ്റിയുടെ ഒന്നാംഘട്ടം ഉയരും. ഇതോടെ കഞ്ചിക്കോട്‌ വ്യവസായമേഖലയുടെ ഉയർച്ചയും തുടങ്ങും. കൂടുതൽ വ്യവസായങ്ങൾ കഞ്ചിക്കോട്ടേക്ക്‌ ഒഴുകും. Read on deshabhimani.com

Related News