പറളിയുടെ കായികച്ചിറക്‌

പി ജി മനോജ്‌


  പാലക്കാട്‌ കായികാധ്യാപകനായി പി ജി  മനോജ്‌ എത്തുന്നതോടെയാണ്‌ കളിക്കളത്തിൽ പറളിയുടെ മാജിക്‌ ആരംഭിക്കുന്നത്‌. 1995ൽ പറളി ഹൈസ്‌കൂളിലെത്തുമ്പോൾ പിന്നാക്ക മേഖലയിൽപ്പെട്ട പ്രദേശങ്ങളിൽനിന്ന്‌ ഓടാനും ചാടാനും ആരുമില്ല. താൽപ്പര്യമുള്ള അഞ്ചുകുട്ടികളെ കിട്ടി. മൂന്നു പതിറ്റാണ്ടടുക്കുമ്പോൾ മുന്നൂറോളം കുട്ടികളാണ്‌ പറളിയുടെ പ്രശസ്‌തിയുയർത്തി കായികകേരളത്തിന്റെ നെറുകയിലെത്തിയത്‌. ഇന്ന്‌ ജില്ലാ, സംസ്ഥാന, ദേശീയ തലത്തിൽ മെഡലുകൾ വാരിക്കൂട്ടുമ്പോൾ പിന്നിലൊറ്റ പേരേയുള്ളൂ... മനോജ്‌ മാഷ്‌.  2004ലെ സംസ്ഥാന കായികമേളയിൽ ഹാമർത്രോയിൽ നേടിയ വെള്ളി മെഡലോടെയാണ്‌ കായിക ഭൂപടത്തിൽ പറളി സ്കൂളിന്റെ പേര്‌ കേട്ടുതുടങ്ങുന്നത്‌. 2005ൽ എം വി രമേശ്വരിയിലൂടെ 5000 മീറ്റർ ഓട്ടത്തിൽ സംസ്ഥാന റെക്കോഡ്‌. സംസ്ഥാനതലത്തിൽ ഏഴാം സ്ഥാനത്തേക്ക്‌ സ്‌കൂൾ ഉയർന്നപ്പോൾ ജില്ലയ്‌ക്ക്‌ അഞ്ചാം സ്ഥാനം. പിന്നീടുള്ള സംസ്ഥാന സ്‌കൂൾ കായികമേളകളിലെല്ലൊം അഞ്ചിനുള്ളിൽ ഇടം പിടിച്ച ജില്ലയ്‌ക്ക്‌ എന്നും കരുത്തായത്‌ പറളിയിലെ പ്രതിഭകൾ. എം വി രമേശ്വരി, എം ഡി താര, വി വി ജിഷ, കെ ടി നീന, മുഹമ്മദ്‌ അഫ്‌സൽ, യു കാർത്തിക്‌, പി എൻ അജിത്‌ എന്നിങ്ങനെ നിരവധി ദേശീയ താരങ്ങൾ പിറന്നു. സാഫ്‌ ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ കാർത്തിക്‌ കുറിച്ച റെക്കോഡ്‌ ഇപ്പോഴും ഭദ്രം. സ്‌കൂളിന്റെ മികവുകണ്ട്‌ ഒന്നാം പിണറായി സർക്കാർ സിന്തറ്റിക്‌ ട്രാക്കിനും സ്വിമ്മിങ്‌ പൂളിനുമായി 10 കോടി രൂപ അനുവദിച്ചു. ഒന്നരവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി 2021ൽ കുട്ടികൾക്ക്‌ ഇവിടെ പരിശീലനം ആരംഭിക്കാൻ കഴിഞ്ഞു. നവംബറിൽ നടക്കുന്ന സംസ്ഥാന നീന്തൽ മത്സരത്തിലേക്ക്‌ യോഗ്യത നേടിയത്‌ പത്തുപേരാണ്‌. ഒറ്റപ്പാലം, എലപ്പുള്ളി, ആലത്തൂർ, ചിറ്റൂർ, കല്ലടിക്കോട്‌ എന്നിവിടങ്ങളിൽനിന്ന്‌ കിലോമീറ്ററുകൾ സഞ്ചരിച്ച്‌ സ്‌കൂളിൽ ഇന്നും കുട്ടികൾ പ്രവേശനം നേടുന്നത്‌ കായികസ്വപ്‌നം യാഥാർഥ്യമാക്കാം എന്ന ഉറപ്പിലാണ്‌. സംസ്ഥാന സ്‌കൂൾ കായികമേളയിൽ അഞ്ച്‌ തവണ മൂന്നാം സ്ഥാനത്തും ഒരു തവണ രണ്ടാം സ്ഥാനത്തും എത്തി. ദേശീയ സ്‌കൂൾ മീറ്റിൽ നാല്‌ തവണ ചാമ്പ്യന്മാരായി. മൂന്ന്‌ തവണ നാലാം സ്ഥാനത്തെത്തി. മലേഷ്യയിൽ നടന്ന ഏഷ്യൻ സ്‌കൂൾ മീറ്റിൽ നാല്‌ സ്വർണമെഡലും  പറളിയിലെ കുട്ടികൾ സ്വന്തമാക്കി. Read on deshabhimani.com

Related News