പാലക്കാട്‌ മെമു ഷെഡ്ഡിനോട്‌ 
അവഗണന തുടർന്ന്‌ റെയിൽവേ



പാലക്കാട്‌ സംസ്ഥാനത്ത്‌ ആദ്യ മെമു ഷെഡ്ഡായ പാലക്കാട്‌ മെമു ഷെഡ്ഡിനോടുള്ള റെയിൽവേ അവഗണന തുടരുന്നു. മെമു ഷെഡ്ഡിന്റെ മൂന്നാംഘട്ട വികസനം പാതിവഴിയിലാണ്‌. ടെൻഡർ ഏറ്റെടുത്ത കരാറുകാരൻ തുക ലഭിക്കാതായതോടെ ഉപേക്ഷിച്ചമട്ടാണ്‌.  റീടെൻഡർ വിളിച്ച്‌ പുതിയ കരാറുകാരനെ ഏൽപ്പിച്ച്‌ പ്രവൃത്തി മുന്നോട്ട്‌ കൊണ്ടുപോകാനും ഇടപെടലുകളില്ല. 12 കാർ മെമു റേക്കിന്റെ പിറ്റ്‌ലൈൻ 95 ശതമാനം പൂർത്തീകരിച്ചെങ്കിലും ഫണ്ടില്ലാത്തതിനാൽ നിലച്ചു. ഇത്‌ പൂർത്തിയായാൽ ട്രെയിനുകൾ നിർത്തിയിടാനും അറ്റകുറ്റപ്പണിക്കും കൂടുതൽ സൗകര്യമുണ്ടാകും.       പാലക്കാട്‌–-എറണാകുളം, പാലക്കാട്‌ ടൗൺ–-കോയമ്പത്തൂർ, ഈറോഡ്‌–- പാലക്കാട്‌, ഈറോഡ്‌–-ഷൊർണൂർ, കോയമ്പത്തൂർ–- മേട്ടുപ്പാളയം എന്നീ അഞ്ച്‌ മെമു റേക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നത്‌ പാലക്കാടാണ്‌.  ഇതുകൂടാതെ കൂടുതൽ പാസഞ്ചർ, മെമു ട്രെയിനുകൾ പാലക്കാട്‌ ഡിവിഷനിൽനിന്ന്‌ ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം റെയിൽവേ അവഗണിക്കുന്നു. ട്രെയിനുകളിൽ തിരക്ക്‌ വർധിച്ചിട്ടും യാത്രക്കാർ തളർന്നുവീണിട്ടും ചെറുദൂര യാത്രയ്‌ക്കുള്ള മെമു വണ്ടികൾ മൂന്നുവർഷമായി കേരളത്തിന്‌ അനുവദിച്ചിട്ടില്ല.   Read on deshabhimani.com

Related News