കേരള ബാങ്കിന്റെ സഹകാരി കർഷക പുരസ്‌കാരം ഷാബുമോന്‌

കേരള ബാങ്കിന്റെ സഹകാരി കർഷക പുരസ്‌കാരം എലവഞ്ചേരി കരിങ്കുളത്തെ ഷാബുമോന്‌ കണ്ണൂരിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ കൈമാറുന്നു


  പാലക്കാട്‌  സംസ്ഥാനത്തെ മികച്ച നെൽക്കർഷകനുള്ള കേരള ബാങ്കിന്റെ സഹകാരി കർഷക പുരസ്‌കാരം എലവഞ്ചേരി കരിങ്കുളത്തെ ഷാബുമോന്‌. കണ്ണൂരിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക്‌ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ അവാർഡ്‌ സമ്മാനിച്ചു. എലവഞ്ചേരി കരിങ്കുളത്തെ 20 ഏക്കറിൽ ജൈവകൃഷിക്ക്‌ പ്രധാന്യം നൽകിയാണ്‌ ഷാബുമോന്റെ കൃഷി.  അത്യുൽപ്പാദനശേഷിയുള്ള ഉമ, ശ്രേയസ്‌, സിആർ 1009 തുടങ്ങിയ വിത്തുകൾക്കൊപ്പം രക്തശാലി, തവളക്കണ്ണൻ തുടങ്ങിയ പരമ്പരാഗത നെൽവിത്തുകളും ഇറക്കുന്നുണ്ട്‌. ആഫ്രിക്കൻ മേരിഗോൾഡ്‌ ഇനത്തിൽപ്പെട്ട ചെണ്ടുമല്ലി വരമ്പുകളിൽ നട്ട്‌ നെൽച്ചെടികളെ ബാധിക്കുന്ന കീടങ്ങളെ അകറ്റുകയും ചെയ്യുന്നു. 26 വർഷമായി കാർഷിക രംഗത്ത്‌ പ്രവർത്തിക്കുന്ന ഷാബുമോൻ, കാർഷിക മേഖലയിൽ സർക്കാർ നൽകുന്ന സേവനങ്ങൾ കർഷകർക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്റെ പ്രചാരകൻകൂടിയാണ്‌.  തുമ്പിടി കരിപ്പായി പാടശേഖരസമിതി പ്രസിഡന്റ്‌, എലവഞ്ചേരി സർവീസ്‌ സഹകരണ ബാങ്ക്‌ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഈ വർഷത്തെ കെ വി രാമകൃഷ്‌ണൻ സ്‌മാരക നെൽക്കർഷക അവാർഡ്‌ ജേതാവ്‌കൂടിയാണ്‌. ഭാര്യ: നിജിഷ, മക്കൾ: നിവേദ്‌, നിയ. Read on deshabhimani.com

Related News