കോവിഡ് –-19 അതീവ ജാഗ്രത വേണം: എ കെ ബാലൻ
പാലക്കാട് ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപീകരിച്ച പഞ്ചായത്ത്, വാർഡുതലസമിതികൾ കൂടുതൽ ജാഗ്രതയോടെ രംഗത്തിറങ്ങണമെന്ന് മന്ത്രി എ കെ ബാലൻ അഭ്യർഥിച്ചു. ചൊവ്വാഴ്‌ച ജില്ലയിൽ 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചതോടെ 82 പേരാണ് ചികിത്സയിലുള്ളത്. ഇനിയും രോഗികളുടെ എണ്ണം വർധിക്കാനാണ് സാധ്യത. സമൂഹവ്യാപനത്തിന്റെ വക്കിലാണ് പാലക്കാട്. മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളിൽ നിന്ന് കൂടുതൽപേർ വരുന്ന സാഹചര്യത്തിൽ ക്വാറന്റൈൻ കർശനമാക്കണം. ഇത് പാലിക്കുന്നുവെന്ന് വാർഡുതലസമിതികൾ ഉറപ്പാക്കണം. ഹോട്ട്‌സ്‌പോട്ടിൽനിന്ന് വരുന്നവരെ വിലക്കാനാവില്ല. എല്ലാവരെയും നമുക്ക് ഉൾക്കൊള്ളണം. അതോടൊപ്പം അവരുടെ നിരീക്ഷണവും ചികിത്സയും ഉറപ്പാക്കണം. ഇതിന് പഞ്ചായത്ത്, വാർഡുതല സമിതികൾക്കാണ് കാര്യക്ഷമമായി ഇടപെടാൻ കഴിയുകയെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com