ഇംഗ്ലണ്ടിൽ അൻസിലിന്റെ സ്വപ്‌നം 
ബൂട്ടണിയും

മുഹമ്മദ്‌ അൻസിൽ കളിക്കളത്തിൽ


ശ്രീകൃഷ്ണപുരം ഇംഗ്ലണ്ടിലെ പുൽമൈതാനത്ത്‌ ‘സ്വപ്‌ന ഫുട്‌ബോൾ’ കളിക്കാനൊരുങ്ങുകയാണ്‌ നെല്ലായക്കാരൻ കെ മുഹമ്മദ്‌ അൻസിൽ. മുത്തൂറ്റ് ഫുട്ബോൾ അക്കാദമിക്കായി പ്രതിരോധക്കോട്ട കാക്കാൻ അൻസിൽ ബൂട്ട്‌ കെട്ടുമ്പോൾ എതിരാളികളായി ലോക ഫുട്‌ബോളിലെ വമ്പൻമാരായ ആസ്റ്റൺ വില്ല, ക്രിസ്‌റ്റൽ പാലസ്‌, എവർടൺ, ടോട്ടനം ഹോട്സ്പർ ടീമുകൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആഗസ്‌ത്‌ ഒന്നുമുതൽ നാലുവരെ സംഘടിപ്പിക്കുന്ന നെക്സ്റ്റ് ജനറേഷൻ ചാമ്പ്യൻഷിപ്പിൽ മുത്തൂറ്റ് ഫുട്ബോൾ അക്കാദമിക്കുവേണ്ടിയാണ് സ്‌റ്റോപ്പർ ബാക്കായ അൻസിൽ പന്തുതട്ടുക.  നാല്‌ പ്രീമിയർ ക്ലബ്ബുകൾക്ക്‌ പുറമെ ആഫ്രിക്കയിലെ സൈലൻ ബോഷ് എഫ്സിയും ഇന്ത്യയിൽനിന്ന്‌ പഞ്ചാബ് എഫ്സിയും ഈസ്റ്റ്‌ ബംഗാൾ എഫ്സിയും ഉൾപ്പെടെ എട്ട്‌ ടീമുകളാണ്‌ ടൂർണമെന്റിൽ കളിക്കുന്നത്‌. 57 ടീമുകൾ പങ്കെടുത്ത റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ മൂന്നാംസ്ഥാനം നേടിയാണ്‌ മുത്തൂറ്റ് എഫ്‌സി ഇംഗ്ലണ്ടിലേക്ക്‌ ടിക്കറ്റെടുത്തത്‌. ആസ്റ്റൺ വില്ല എഫ്‌സിയുടെ ബോഡിമൂർ ഹെൽത്ത്‌ ട്രെയിനിങ് ഗ്രൗണ്ട്, ലഫ്‌ബറ യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ്‌ മത്സരങ്ങൾ. സി സോൺ, ഇന്റർസോൺ മത്സരങ്ങളിലെ മികച്ച പ്രകടനത്തോടെയാണ് വി ടി ബി കോളേജിലെ ഫുട്ബോൾ ടീം വൈസ് ക്യാപ്റ്റനായ അൻസിലിനെ മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയിലേക്ക്‌ എത്തിച്ചത്‌. ചെർപ്പുളശേരി നെല്ലായ സ്വദേശിയായ വീരാൻകുട്ടിയുടെയും ഷാജിതയുടെയും രണ്ടാമത്തെ മകനാണ് മൂന്നാം വർഷ ബികോം വിദ്യാർഥിയായ അൻസിൽ.  എവൺ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന് യുവതാരത്തിന്‌ വി ടി ബി കോളേജിലെ ഫുട്ബോൾ കോച്ച് കെ മുഹമ്മദ്‌ ഷമിൻ, കായികവകുപ്പ് മേധാവി ഡോ. കെ സദീപ് എന്നിവരുടെ പിന്തുണയാണ്‌ പ്രൊഫഷണൽ ഫുട്ബോൾ രംഗത്ത് എത്തിച്ചത്‌. അൻസിലിനും ടീമിനും മുംബൈയിൽ നടന്ന ചടങ്ങിൽ യാത്രയയപ്പ്‌ നൽകി. Read on deshabhimani.com

Related News