ശിക്ഷ നാളെയറിയാം

തേങ്കുറുശി ദുരഭിമാന കൊലപാതകക്കേസിലെ പ്രതികളായ സുരേഷ് പ്രഭുകുമാർ എന്നിവരെ കോടതിയിലേക്ക് കൊണ്ടുവരുന്നു


 പാലക്കാട് തേങ്കുറുശി ദുരഭിമാന കൊലപാതകക്കേസിൽ കോടതി തിങ്കളാഴ്‌ച ശിക്ഷ വിധിക്കും. ഇലമന്ദം കൊല്ലത്തറയിൽ അനീഷ്‌ (25) വധക്കേസിൽ പ്രതികളായ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ  ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (49), അച്‌ഛൻ പ്രഭുകുമാർ (47) എന്നിവരെ കുറ്റക്കാരെന്ന്‌ വെള്ളിയാഴ്‌ച കോടതി കണ്ടെത്തിയിരുന്നു.  തുടർന്ന്‌ ശനിയാഴ്‌ച കേസ്‌ വിധി പറയാനായി പരിഗണിച്ചെങ്കിലും വാദി, പ്രതി ഭാഗങ്ങൾ ഉന്നയിച്ച വാദങ്ങൾ പരിശോധിക്കാൻ തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി. പാലക്കാട് ജില്ലാ ഫസ്റ്റ് ക്ലാസ്‌ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വിനായക റാവുവാണ്‌ വിധി പറയുക. ശനിയാഴ്‌ച കോടതി കേസ്‌ പരിഗണിച്ചപ്പോൾ കരുതിക്കൂട്ടിയുള്ളതോ ക്രൂരമായതോ ആയ കൊലപാതകമല്ലെന്നും അപൂർവങ്ങളിൽ അപൂർവമല്ലെന്നും ഇനിയൊരു തവണ കൂടി പ്രതികൾ ഇത്തരമൊരു കുറ്റം ചെയ്യില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഓൺലൈനായിട്ടാണ്‌ അഭിഭാഷകൻ വാദമുഖങ്ങൾ നിരത്തിയത്‌.  എന്നാൽ ഇത്‌ അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പരമാവധി ശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ  ഉന്നയിച്ചു. ഒരു വികാരവുമില്ലാതെയാണ്‌ പ്രതികൾ കോടതിയിൽ ഹാജരായത്‌.  എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്‌ജിയുടെ ചോദ്യത്തിന്‌ ഒന്നുമില്ലെന്നായിരുന്നൂ മറുപടി. അനീഷിന്റെ ഭാര്യ ഹരിത, അച്‌ഛൻ ആറുമുഖൻ, അമ്മ രാധ, സഹോദരന്മാരായ അനിൽ, അരുൺ എന്നിവരും കോടതിയിൽ എത്തിയിരുന്നു. 2020 ഡിസംബർ 25ന്‌ വൈകിട്ട്‌ ആറരയോടെയാണ്‌ കൊലപാതകം.  സാമ്പത്തികവും ജാതീയവുമായി ഉയർന്ന കുടുംബത്തിലെ ഹരിതയെ അനീഷ്‌ വിവാഹം ചെയ്‌തതാണ് കൊലപാതകത്തിന് കാരണമായത്.  പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ പി അനിൽ ഹാജരായി. ക്രൈംബ്രാഞ്ചാണ്‌ കേസ്‌ അന്വേഷിച്ച്‌ 75 ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിച്ചത്‌. Read on deshabhimani.com

Related News