തമിഴർക്കും പ്രിയമേറി തിരുവോണം ബമ്പർ
പാലക്കാട് കേരള ഭാഗ്യക്കുറി തിരുവോണം ബമ്പറിനോട് തമിഴർക്കും പ്രിയമേറി. ജില്ലാ അതിർത്തികളിലെ ലോട്ടറി വിൽപ്പനശാലകളിൽനിന്നാണ് തമിഴ്‌നാട്ടിൽനിന്നുള്ള നിരവധി പേർ ടിക്കറ്റ് വാങ്ങുന്നത്. 2021–-22ലെയും 2022–-23ലെയും ക്രിസ്‌മസ് ന്യൂഇയർ ബമ്പർ, കഴിഞ്ഞ ഓണം ബമ്പർ എന്നിവയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിനായിരുന്നു. 2021–-22ലെ ക്രിസ്‌മസ് ന്യൂഇയർ ബമ്പറിന്റെയും കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിന്റെയും ഭാഗ്യശാലികൾ തമിഴ്‌നാട് സ്വദേശികളായിരുന്നു. തിരുപ്പൂർ സ്വദേശികളായ നാലുപേർ ചേർന്ന് വാളയാറിൽ നിന്നെടുത്ത ടിക്കറ്റിനായിരുന്നു കഴിഞ്ഞ തവണ ബമ്പർ അടിച്ചത്. ഇതോടെയാണ് തമിഴർക്ക് കേരള ലോട്ടറിയോട് പ്രിയമേറിത്തുടങ്ങിയത്. അതിർത്തി ചെക്ക് പോസ്‌റ്റുകളിൽ ടിക്കറ്റ് വാങ്ങാൻ നീണ്ട നിരയാണ്. ലക്ഷക്കണക്കിന് ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിച്ചു. ചെക്ക് പോസ്‌റ്റ് കടന്നെത്തുന്ന ലോറി ഡ്രൈവർമാരാണ് കൂടുതലും ടിക്കറ്റെടുക്കുന്നത്. ഒരാൾ നാലും അഞ്ചും ടിക്കറ്റുകൾ വീതം വാങ്ങുന്നുണ്ട്. കോയമ്പത്തൂർ, മധുര, പൊള്ളാച്ചി, സേലം, പഴണി, ദിണ്ടിഗൽ സ്വദേശികളും ടിക്കറ്റ് വാങ്ങാനായി മാത്രം ജില്ലയിലെത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ വർഷങ്ങൾക്കുമുമ്പേ ലോട്ടറി നിരോധിച്ചിരുന്നു. അതിർത്തിഗ്രാമങ്ങളായ ഗോപാലപുരം, മീനാക്ഷിപുരം, വേലന്താവളം, നടുപ്പുണി എന്നിവിടങ്ങളെല്ലാം ലോട്ടറി മാർക്കറ്റുകളായി മാറി. ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ മുന്നിലുള്ളതും പാലക്കാട് ജില്ലയാണ്. 25 കോടി ഒന്നാം സമ്മാന തുകയുള്ള ഓണം ബമ്പർ ടിക്കറ്റിന്റെ വില 500 രൂപയാണ്. ഒക്‌ടോബർ ഒമ്പതിനാണ് നറുക്കെടുപ്പ്. വാളയാറിൽ ലോട്ടറിക്കട പെരുകുന്നു കഴിഞ്ഞ വർഷത്തെ ഓണം ബമ്പർ ഒന്നാം സമ്മാനം വാളയാറിൽ വിറ്റ ലോട്ടറിക്കായതിനാൽ ഇത്തവണത്തെ ഓണം ബമ്പറും മറ്റ് ലോട്ടറികൾ വാങ്ങാനും വൻ തിരക്കാണ്. ലോറി ഡ്രൈവർമാർ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് ലോട്ടറി വാങ്ങാനായി ധാരാളം പേർ എത്തുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി ലോട്ടറി കടകളും വാളയാറിൽ പുതുതായി തുറന്നു. പി സതീഷ് കുമാർ, ലോട്ടറി തൊഴിലാളി, വാളയാർ Read on deshabhimani.com