റീസൈക്കിൾ കേരളയ്‌ക്ക് ഓട്ടോ സമ്മാനിച്ച് സിപിഐ എം ലോക്കൽ സെക്രട്ടറി
ഒറ്റപ്പാലം രണ്ടുപതിറ്റാണ്ടോളം വള്ളുവനാടിന്റെ നിരത്തുകൾ താണ്ടിയ ഓട്ടോറിക്ഷ ഡിവൈഎഫ്‌ഐയുടെ റീസൈക്കിൾ കേരളയിലേക്ക് നൽകി സിപിഐ എം ലോക്കൽ സെക്രട്ടറി. ഒറ്റപ്പാലം നഗരസഭ കൗൺസിലർകൂടിയായ വരോട് വീട്ടാമ്പാറ കുന്നിൽക്കാട്ടിൽ അബ്ദുൾ നാസറാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് ശേഖരിക്കാനുള്ള റീസൈക്കിൾ കേരളയിലേക്ക് ഓട്ടോറിക്ഷ നൽകിയത്. 1997ലാണ് 66000 രൂപ നൽകി അബ്ദുൾ നാസർ ഓട്ടോറിക്ഷ വാങ്ങിയത്. ഭാര്യയുടെ സ്വർണം പണയംവച്ച് 30,000 രൂപ നൽകി. ബാക്കി വായ്‌പയെടുത്ത് അടച്ച് തീർത്തു. ഒറ്റപ്പാലം പാർടി ഓഫീസിലെത്തുന്ന എല്ലാ നേതാക്കളുടെയും സ്ഥിരം സാരഥിയായിരുന്നു അബ്ദുൾ നാസർ. പുതിയ ഓട്ടോറിക്ഷ വാങ്ങിയശേഷവും പഴയത് വിൽക്കാതെ സൂക്ഷിച്ചു. നല്ല കാര്യത്തിനായി ഓട്ടോറിക്ഷ നൽകുന്നതിനാൽ സന്തോഷമുണ്ടെന്ന് കെ അബ്ദുൾ നാസർ പറഞ്ഞു. ഡിവൈഎഫ്ഐ വരോട് മേഖലാ കമ്മിറ്റി പ്രസിഡന്റ് എൻ ഷിബു, സെക്രട്ടറി കെ പി മുഹമ്മദ് ഷാഫി എന്നിവർക്ക് കെ അബ്ദുൾ നാസർ, ഭാര്യ വാഹിദ എന്നിവർ ചേർന്നാണ് ആർസി ബുക്കും വാഹനവും കൈമാറിയത്. Read on deshabhimani.com