അപകടകാരണം ദേശീയപാതയിലെ വെളിച്ചക്കുറവ്
വടക്കഞ്ചേരി ദേശീയപാത അഞ്ചുമൂർത്തിമംഗലം കൊല്ലത്തറ ബസ്‌സ്‌റ്റോപ്പിന് സമീപം കഴിഞ്ഞദിവസം പുലർച്ചെയുണ്ടായ വാഹനാപകടത്തിന് കാരണം ദേശീയപാതയിലെ വെളിച്ചക്കുറവ്. പ്രദേശത്ത് ആവശ്യത്തിന് തെരുവ് വിളക്കുകൾ കത്തിയിരുന്നില്ല. ദേശീയ പാതാ അതോറിറ്റി അധികൃതർ വിഷയത്തിൽ ഇടപെടണമെന്ന് കാലങ്ങളായി നാട്ടുകാർ ആവശ്യമുന്നയിച്ചെങ്കിലും ഏറ്റവും അപകടകരമായ ഈ പ്രശ്‌നം പരിഹരിക്കാൻ നടപടിയെടുത്തിട്ടില്ല. രണ്ടുവർഷംമുമ്പ് ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും ഇടിച്ച് ഒമ്പതുപേർ മരിച്ചത് ഇതിനു തൊട്ടടുത്താണ്. ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസാണ് വ്യാഴം പുലർച്ചെ ഒന്നിന് അപകടത്തിൽപ്പെട്ടത്. 15 പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുവാളൂർ ആറുംകുളം തിരുത്തനി എല്ലയമ്മൻ സ്ട്രീറ്റിൽനിന്ന് ശബരിമലയിലേക്ക് പോകുന്നവരാണ് അപകടത്തിൽപ്പെട്ടത്. ജീവാനന്ദൻ (21), ജയവേൽ (54), ശിവാനന്ദൻ (21), രാമു (42), മോനിഷ് (23), കൃഷ്ണ (18), സതീഷ് (18), മണികണ്‌ഠൻ (20), സഞ്ജയ് (17), ജയപ്രകാശ് (28), രവി (45) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. അപകടത്തിൽപ്പെട്ടവരെല്ലാം അയൽവാസികളും ബന്ധുക്കളുമാണ്. പരിക്കേറ്റ മൂന്നുപേർ ജില്ലാ ആശുപത്രിയിലും ഒരാൾ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പച്ചക്കറിയുമായി എത്തിയ മിനി ലോറി ട്രാക്ക് മാറിയെത്തിയ ബസിനുപിന്നിൽ ഇടിക്കുകയായിരുന്നു. Read on deshabhimani.com