3 മാസംകൊണ്ട് പണിതീർത്തില്ലെങ്കിൽ കരാറുകാരെ ഒഴിവാക്കും: മന്ത്രി
പാലക്കാട് ഗവ.മെഡിക്കൽ കോളേജിലെ എല്ലാ നിർമാണങ്ങളും മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കി കെട്ടിടം കൈമാറണമെന്ന് മന്ത്രി ഒ ആർ കേളു കരാറുകാർക്ക് കർശന നിർദേശം നൽകി. സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ സാധിക്കാത്തവരെ കരാറിൽനിന്ന് ഒഴിവാക്കുന്നത് ഉൾപ്പെടെ നടപടിയുണ്ടാകുമെന്നും മന്ത്രി താക്കീത് നൽകി. മന്ത്രിയായ ശേഷം ആദ്യമായി പാലക്കാട് മെഡിക്കൽ കോളേജിലെത്തിയ അദ്ദേഹം നിർമാണ പ്രവർത്തനങ്ങളും നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം അവലോകനം ചെയ്‌തു. വിവിധ വിഭാഗങ്ങളിൽ ഒപിയും ഹോസ്‌റ്റലുകളും ഓപ്പറേഷൻ തീയറ്ററും കിടത്തി ചികിത്സയും കാഷ്വാലിറ്റിയുമൊക്കെ പത്തുവർഷത്തിനിടെ മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. മിക്കവാറും എല്ലാ വിഭാഗത്തിലും നിർമാണം ആരംഭിച്ചുവെന്നത് നേട്ടമാണ്. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയുമൊക്കെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച മാറ്റങ്ങൾ അനിവാര്യമാണ്. കൂടുതൽ ഡോക്ടർമാരെ ഇവിടേക്ക് ആകർഷിക്കണമെങ്കിൽ കൂടുതൽ വേതനം നൽകണം. ഈ വിഷയങ്ങളൊക്കെ സർക്കാരിന്റെ പരിഗണനയിലാണ്. മികച്ച ഡോക്ടർമാരായി പുറത്തിറങ്ങണമെങ്കിൽ വിദ്യാർഥികൾ തിയറി മാത്രമല്ല, പ്രാക്ടിക്കലും ചെയ്യേണ്ടത് അനിവാര്യമാണ്. എല്ലാ പഠിച്ച് പൂർണരായി വേണം അവർ പുറത്തിറങ്ങാനെന്നും അതിനുള്ള നടപടികളുണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി. എംഎൽഎമാരായ കെ ശാന്തകുമാരി, പി പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, കലക്ടർ എസ് ചിത്ര, സബ് കലക്ടർ മിഥുന്‍ പ്രേംരാജ്, മെഡിക്കൽ കോളേജ് ഡയറക്ടർ ഒ കെ മണി, സൂപ്രണ്ട് ബി ശ്രീറാം തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായി. Read on deshabhimani.com