കോട്ടായിയിൽ അമ്മയും മകനും മരിച്ച നിലയിൽ
കുഴൽമന്ദം കോട്ടായി പെരുങ്കുളങ്ങര പല്ലൂർക്കാവ് വീട്ടിൽ ചിന്ന (75)യെയും മകൻ ഗുരുവായൂരപ്പനെയും (40) മരിച്ചനിലയിൽ കണ്ടെത്തി. തിങ്കൾ രാവിലെ പരിസരവാസികളാണ് ഗുരുവായൂരപ്പനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് വീട്ടിൽ കയറി നോക്കിയപ്പോഴാണ് കട്ടിലിൽ ചിന്നയെ മരിച്ചനിലയിൽ കാണുന്നത്. ചിന്ന മരിച്ചതിനുശേഷം ഗുരുവായൂരപ്പൻ തൂങ്ങി മരിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്നുദിവസമായി പനിയെത്തുടർന്ന് ചികിത്സയിലായിരുന്നു ചിന്ന. ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചിന്ന മകൻ ഗുരുവായൂരപ്പനൊപ്പമാണ് താമസം. അവിവാഹിതനാണ്. നിർമാണ തൊഴിലാളിയാണ്. ആലത്തൂർ ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തിൽ കോട്ടായി പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്ധരും സംഭവസ്ഥലം സന്ദർശിച്ചു. ചിന്നയുടെ ഭർത്താവ്: പരേതനായ ചാമി. മറ്റുമക്കൾ: രാജൻ, കുട്ടൻ, ചന്ദ്രൻ, വേശു, ചിന്ന, അമ്മിണി, സുന്ദരി, വെള്ള. Read on deshabhimani.com