ഷൊർണൂരിന്റ 
‘കൊമ്പൻ’



ഷൊർണൂർ സൂപ്പർ ലീഗ് കേരള ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം കൊമ്പൻസിന്റെ മുന്നേറ്റങ്ങൾക്ക്‌ കരുത്തായി ഷൊർണൂരിന്റ ഗോളടിയന്ത്രവും. ആറ് ബ്രസീൽ താരങ്ങളുള്ള കൊമ്പൻസ് ടീമിലാണ് ഷൊർണൂർ മഞ്ഞക്കാട് താരങ്ങാട്ടിൽ ടി എം വിഷ്ണു (24) പന്തുതട്ടുക. ഈസ്റ്റ് ബംഗാൾ എഫ്‌സിക്കുവേണ്ടി ഫോർവേഡായി നടത്തിയ മിന്നും പ്രകടനമാണ്‌ വിഷ്‌ണുവിനെ പ്രഥമ സൂപ്പർ ലീഗ് കേരളയിലേക്ക്‌ എത്തിച്ചത്‌. മംഗളൂരു യോനപ്പായ യൂണിവേഴ്‌സിറ്റി അണ്ടർ 18 ലീഗിൽ നടത്തിയ മികച്ച പ്രകടനം കൊൽക്കത്ത ആര്യൻസ് ക്ലബ്ബിലേക്ക്‌ എത്തിച്ചു. പിന്നീട്‌ റോയൽ ട്രാവൽസ് ബ്ലാക്ക് ആൻഡ് വൈറ്റിനുവേണ്ടിയും കളിച്ചു.  ഈസ്റ്റ് ബംഗാൾ എഫ്‌സിക്ക്‌ വേണ്ടി ഒരു സീസണിൽ പന്തുതട്ടി. കൊൽക്കത്ത കസ്റ്റംസിന്‌ വേണ്ടി കളിക്കുന്നതിനിടെയാണ്‌ കൊമ്പൻസിന്റ വിളിയെത്തിയത്‌.  ഷൊർണൂർ സോക്കർ സ്പോർട്ടിങ് ക്ലബ്ബായിരുന്നു വിഷ്‌ണുവിന്റെ ആദ്യ തട്ടകം. പാലക്കാട് ജില്ലാ ലീഗ്, അണ്ടർ 18 യൂത്ത് ലീഗിൽ എഫ്സി മംഗളൂരുവിന് വേണ്ടിയും കളിച്ചു. വിവിധ ക്ലബ്ബുകൾക്ക്‌ വേണ്ടി ഒമാൻ, സൗദിഅറേബ്യ, ദുബായ് എന്നിവിടങ്ങളിലും കളത്തിലിറങ്ങി. ഷൊർണൂർ കെവിആർ ഹൈസ്കൂൾ, വാടാനാംകുറുശി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, മംഗളൂരു യോനപ്പായ  യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു പഠനം. സെപ്‌തംബർ പത്തിന് കലിക്കറ്റ് എഫ്സിയുമായാണ് കൊമ്പൻസിന്റെ ആദ്യ മത്സരം.  ഫുട്ബോളിന്റെ സൗന്ദര്യം നിറയ്ക്കാനൊരുങ്ങുന്ന ടീമിൽ അംഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് വിഷ്ണു പറഞ്ഞു. അച്ഛൻ: കെ പി മണികണ്ഠൻ. അമ്മ: ശാന്തകുമാരി (ഷൊർണൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി). സഹോദരൻ: ശബരീഷ്. Read on deshabhimani.com

Related News