ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കാർ യാത്രക്കാർക്ക് നേരെ ആക്രമണം
പന്തളം പന്തളത്ത് ആർഎസ്എസിന്റെ നേതൃത്വത്തിൽ നടത്തിയ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ സ്വദേശിയായ കുടുംബം സഞ്ചരിച്ച കാറിനു നേരെ ആക്രമണം. കാർ യാത്രക്കാരിയായ വീട്ടമ്മയുടെ കൈപിടിച്ച് തിരിക്കുകയും കാറിൽ അടിക്കുകയും ചെയ്തു. പരിക്കേറ്റ വയോധികയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ ഏനാദിമംഗലം സ്വദേശി സുബൈദ ബീവിക്കാണ് (79) പരിക്കേറ്റത്. ഞായറാഴ്ച രാത്രി ആർഎസ്‌എസ് നേതൃത്വത്തിൽ പന്തളം ജങ്ഷനിൽ ഗണേശോത്സവ ഘോഷയാത്ര നടത്തിയിരുന്നു. മഴയെ തുടർന്ന് പന്തളത്തെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസ്സമുണ്ടായ സമയത്തായിരുന്നു ഘോഷയാത്ര കടന്നുപോയത്. ഏഴംകുളത്തുള്ള സുബൈദ ബീവി പന്തളത്തെ മകളുടെ വീട്ടിലേക്ക് വരികയായിരുന്നു.രാത്രി 7.30ഓടെ മുട്ടാർ പാലത്തിന് സമീപത്ത് സുബൈദ ബീവിയും കുടുംബവും സഞ്ചരിച്ച കാർ ഘോഷയാത്രയിലെ നാലംഗ സംഘം തടഞ്ഞ് അക്രമിക്കുകയായിരുന്നു. സുബൈദ ബീവിയെ കൈ പിന്നിലേക്ക് വലിച്ച് ക്രൂരമായി മർദ്ദിച്ചെന്ന് പരാതിയിൽ പറയുന്നു. കാർ ഓടിക്കുകയായിരുന്ന സുബൈദ ബീവിയുടെ മകളുടെ മകനായ റിയാസ് (32), ഭാര്യ അൽഷിഫ (24), മകൾ അസ്വ (2) എന്നിവരെ അക്രമികൾ അസഭ്യം പറയുകയും കാറിന്റെ ഗ്ലാസിലും ബോണറ്റിലും അടിക്കുകയും ചെയ്തു. സുബൈദ ബീവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് കേസെടുത്തു. കാറിലുണ്ടായിരുന്നവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കണ്ടാലറിയാവുന്നവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. Read on deshabhimani.com