ക്വാറി ലൈസൻസ് 
അനധികൃതമായി നീട്ടി നൽകി



കോന്നി പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെ പ്രസിഡന്റും  സെക്രട്ടറിയും ചേർന്ന് ക്വാറി ഉടമയ്ക്ക് ലൈസൻ കാലാവധി നീട്ടി നൽകിയതായി ആക്ഷേപം. കോന്നി പഞ്ചായത്ത് ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന ചെങ്കുളം ക്വാറിയ്ക്കാണ് കാലാവധി കഴിഞ്ഞ്‌ ലൈസൻസ് അനധികൃതമായി ഒരു മാസത്തേക്കു കൂടി നീട്ടി നൽകിയത്. കഴിഞ്ഞ മാസം 31 വരെയായിരുന്നു ലൈസൻസ് കാലാവധി. ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷമാണ് ഒരു മാസം കൂടി പരിസ്ഥിതി സർട്ടിഫിക്കറ്റിന്റെ കാലാവധി ഉണ്ടെന്ന കാരണം പറഞ്ഞ് ലൈസൻസ് നീട്ടിക്കൊടുത്തത്.  തോട് മലിനീകരണം, തോട് വശം കൈയേറ്റം, പഞ്ചായത്ത് റോഡ് മുറിച്ച് ഗേറ്റ് സ്ഥാപിക്കൽ തുടങ്ങി നിരവധി പരാതികൾ ക്വാറിയ്ക്കെതിരെ നാട്ടുകാർ നൽകിയിരുന്നു. കഴിഞ്ഞ അഞ്ചിനുചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ നാട്ടുകാരുടെ പ്രശ്നം പരിഹരിച്ച ശേഷം മാത്രം ക്വാറിയുടെ ലൈസൻസ് പുതുക്കി നൽകാവൂവെന്ന ഭരണ, പ്രതിപക്ഷ തീരുമാനം അട്ടിമറിച്ചാണ് ചില യുഡിഎഫ് അംഗങ്ങളെ കൂട്ടുപിടിച്ച് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് തീരുമാനമെടുത്തത്. ക്വാറി ഉടമയെ സംരക്ഷിക്കുന്ന നിലപാട്‌ സ്വീകരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയ്ക്കെതിരെ പ്രദേശവാസികൾ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം ബുധനാഴ്ച നടന്നിരുന്നു.  പ്രസിഡന്റും സെക്രട്ടറിയും വിജിലൻസ് സംഘം എത്തിയപ്പോൾ ഓഫീസിലുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് സംഘം ക്വാറിയിലെത്തി രേഖകൾ ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തു കമ്മിറ്റിയുടെ തീരുമാനം മറികടന്ന് ഏകപക്ഷീയമായാണ് ക്വാറി ലൈസൻസ് കാലാവധി നീട്ടി നൽകിയതെന്ന് പ്രതിപക്ഷ അംഗം കെ ജി ഉദയകുമാർ പറഞ്ഞു. Read on deshabhimani.com

Related News