വെളിച്ചം പകരുമീ കക്കാട്ടാർ

മണിയാർ ഡാം


ചിറ്റാർ കിഴക്കൻ വനമേഖയിൽ ഉത്ഭവിക്കുന്ന കക്കാട്ടാർ പമ്പാനദിയുടെ  പോഷകനദിയാണ്. വനത്തിലെ കാട്ടരുവിയിൽനിന്നും മലമടക്കുകളിൽനിന്നും ഒഴുകിയെത്തി മൂഴിയാറിൽ ആരംഭിച്ച് ആങ്ങമൂഴി, സീതത്തോട്‌, ചിറ്റാർ, മണിയാർ വഴി പെരുനാട് പമ്പാനദിയിൽ ലയിക്കുന്നു.  ശബരിമല വനമേഖലയിലൂടെ ഒഴുകുന്ന കക്കാട്ടാറിലെ വെള്ളം ഉപയോഗപ്പെടുത്തി കിഴക്കൻ മേഖലയിൽ ആറ് ജലവൈദ്യുതി പദ്ധതിയാണ് പ്രവർത്തിക്കുന്നത്. കെഎസ്ഇബിയുടെ മൂഴിയാർ ശബരിഗിരി, സീതത്തോട്ടിൽ കക്കാട്,  ഇഡിസിഎൽ കമ്പിനിയുടെ അള്ളുങ്കൽ, കാരികയം മുതലവാരം, കാർബോറാണ്ടം കമ്പിനിയുടെ മണിയാർ, കെഎസ്ഇബിയുടെ പെരുനാട്‌ എന്നിവ. ശബരിഗിരി  പ്രതിവർഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള വൈദ്യുതി ബോർഡിന്റെ  പദ്ധതിയാണ് ശബരിഗിരി. പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിൽ ആങ്ങമൂഴി–- - ഗവി റൂട്ടിലെ മൂഴിയാറിൽ ആണ്  പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. 1966 ഏപ്രിൽ 18 ന്‌ പ്രവർത്തനം തുടങ്ങി. പദ്ധതിക്കായി പമ്പയിലും കക്കിയിലും അണക്കെട്ടുകൾ നിർമിച്ച് 3,200 മീറ്റർ നീളമുള്ള തുരങ്കംവഴി ബന്ധിപ്പിച്ചു. മൂഴിയാറിലെ പവർ ഹൗസിൽ പെൻസ്റ്റോക്ക് പൈപ്പുകൾ വഴി വെള്ളം എത്തിച്ച്‌ ആറ്‌ ജനറേറ്റർ ഉപയോഗിച്ച് ഉൽപാദനം നടത്തുന്നു.  കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയാണിത്. പദ്ധതിയിൽ അഞ്ച്‌ ജലസംഭരണിയും ഏഴ്‌ അണക്കെട്ടും ഉൾപ്പെടുന്നു.  50 മെഗാവാട്ടിന്റെ ആറ്‌  ജനറേറ്റർ  ഉപയോഗിച്ച് ആദ്യഘട്ടത്തിൽ 300 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. തുടർച്ചയായ നവീകരണങ്ങളോടെ 2009 ഓടെ 340 മെഗാവാട്ടായി ശേഷി ഉയർത്തി. വാർഷിക ഉൽപ്പാദനം 1338 മെഗാ യൂണിറ്റാണ്‌. കക്കി, ആനത്തോട്, പമ്പ, ഗവി,  കുള്ളാർ, മീനാർ ഒന്ന്‌, മീനാർ രണ്ട്‌ ജലസംഭരണികളിലെ വെള്ളം ഉപയോഗിച്ചാണ് ശബരിഗിരി പവർ ഹൗസ് പ്രവർത്തിക്കുന്നത്. കക്കാട്‌ ശബരിഗിരിയിൽനിന്ന് വൈദ്യുതോൽപാദനത്തിനു ശേഷം പുറംതള്ളുന്ന വെള്ളം ടണൽ വഴി എത്തിച്ചാണ് കെഎസ്‌ഇബിയുടെ കക്കാട് പദ്ധതിയിലെ വൈദ്യുതോൽപാദനം നടക്കുന്നത്. 25 മെഗാവാട്ടിന്റെ രണ്ട്‌ ജനറേറ്റർ ഉപയോഗിച്ച് 50 മെഗാവാട്ട് ഉൽപാദിപ്പിക്കുന്നു. പ്രതിവർഷം 262 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്‌. 1999 ൽ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ് പദ്ധതി കമീഷൻ ചെയ്തത്. അള്ളുങ്കൽ കക്കാട് പദ്ധതിയിൽ വൈദ്യുതോൽപാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളം  കക്കാട്ടാറിലേക്ക് ഒഴികിയെത്തും. ഈ വെള്ളം ഉപയോഗിച്ചാണ് സ്വകാര്യ മേഖലയിലെ അള്ളുങ്കൽ ഇഡിസിഎൽ, കാരികയം അയ്യപ്പാ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി എന്നിവയുടെ പ്രവർത്തനം നടക്കുന്നത്. അള്ളുങ്കലിൽ രണ്ട് ജനറേറ്ററാണുള്ളത്. ഏഴ് മെഗാവാട്ട്  ഉൽപാദിപ്പിക്കുന്ന പദ്ധതി അമർസിങ്‌ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. 2008 നവംബറിൽ വൈദ്യുതി മന്ത്രിയായിരുന്ന എ കെ ബാലൻ പദ്ധതി കമീഷൻ ചെയ്തു. 30 വർഷത്തേക്കാണ് സർക്കാരുമായി കരാർ. യൂണിറ്റിന് 2.45 രൂപ നിരക്കിലാണ് കമ്പനി കെഎസ്ഇബിക്ക് വൈദ്യുതി നൽകുന്നത്.  കാരികയം ഇതേ കമ്പനിയുടെ 15 മെഗാവാട്ട് ഉൽപാദിപ്പിക്കുന്ന കാരികയം മുതലവാരത്ത് പ്രവർത്തിക്കുന്ന പദ്ധതിയാണ്‌ അയ്യപ്പാ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട്. ഇവിടെ മൂന്നു ജനറേറ്ററുണ്ട്‌.  കാർബോറാണ്ടം കാരികയം പദ്ധതിയിലെയും പുറംതള്ളുന്ന വെള്ളം കക്കാട്ടാറിലേക്കുതന്നെ ഒഴികിയെത്തും. ഇവിടെനിന്നുള്ള വെള്ളം ഉപയോഗിച്ചാണ് മണിയാർ കാർബോറാണ്ടം യൂണിവേഴ്സൽ ജലവൈദ്യുതി പദ്ധതിയുടെ പ്രവർത്തനം നടക്കുന്നത്. പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള സ്വകാര്യ മേഖലയിലെ ചെറുകിട ജലവൈദ്യുതി പദ്ധതിയാണിത്‌. നാല്‌ മെഗാവാട്ടിന്റെ മൂന്ന്‌ ജനറേറ്റർ ഉപയോഗിച്ച് 12 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. 1994 ൽ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയാണ് കമീഷൻചെയ്തത്. പെരുനാട്‌ കാർബോറാണ്ടം പദ്ധതി പുറംതള്ളുന്ന വെള്ളവും കക്കാട്ടാറിലേക്കുതന്നെ എത്തും. ഇത്‌ ഉപയോഗിച്ചാണ് പെരുനാട് കെഎസ്ഇബി ജലവൈദ്യുതി പദ്ധതി. പ്രതിവർഷം 16.73 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ചെറുകിട പദ്ധതിയാണിത്‌. പെരുനാട് പഞ്ചായത്തിലെ മാമ്പ്രയിലാണ് പവർ ഹൗസ്. പദ്ധതിയിൽ ഒരു തടയണയും നിർമിച്ചിട്ടുണ്ട്. രണ്ട്‌ മെഗാവാട്ടിന്റെ രണ്ട്‌ ജനറേറ്റർ ഉപയോഗിച്ച് നാല്‌ മെഗാവാട്ട്  ഉൽപാദിപ്പിക്കുന്നു. 2012 ഫെബ്രുവരി 16 നാണ്  കമീഷൻചെയ്തത്. ഇവിടെനിന്ന്‌ പുറംതള്ളുന്ന വെള്ളം പെരുനാട് പൂവത്തുംമൂട്ടിൽ പമ്പാനദിയിൽ എത്തുന്നു.  Read on deshabhimani.com

Related News