ട്രാൻസ്‌ഫോർമർ ഉടൻ മാറ്റും
പത്തനംതിട്ട അബാൻ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് കണ്ണങ്കരയിലെ 250 കെവിഎ ട്രാൻസ്‌ഫോർമർ മാറ്റുന്ന ജോലികൾ അവസാനഘട്ടത്തിൽ. അബാൻ മേൽപ്പാലം കടന്നുപോകുന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന ട്രാൻസ്‌ഫോർമറാണ് മാറ്റുന്നത്. ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കാതെ നിർമാണം മുന്നോട്ട് കൊണ്ടുപോകാനാവാത്തതിനാൽ അടിയന്തരമായി ട്രാൻസ്‌ഫോർമർ മാറ്റാൻ കലക്‌ടർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്‌ഫോർമർ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റിസ്ഥാപിക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നത്. നിലവിൽ പ്രൈവറ്റ് ബസ്‌സ്റ്റാൻഡിൽനിന്ന് അബാൻ ജങ്‌ഷനിലേക്ക് എത്തുന്നതിനിടയിലാണ് ട്രാൻസ്‌ഫോർമർ. ഇത് ഇവിടെനിന്ന് മേൽപ്പാലത്തിന്റെ സർവീസ് റോഡ് അബാൻ ജങ്‌ഷനിലേക്ക് ചേരുന്ന സ്ഥലത്തേക്കാണ് മാറ്റുന്നത്. ഇവിടെ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാനുള്ള ഏഴ് പോൾ സ്‌ട്രക്‌ച്ചർ സ്ഥാപിച്ചു. ട്രാൻസ്‌ഫോർമറിൽ എത്തേണ്ട മുഴുവൻ ലൈനുകളും പോളിൽ എത്തിച്ചു. ലൈനുകളിൽ അവസാന പരിശോധന നടത്തി ഞായറാഴ്‌ച ട്രാൻസ്‌ഫോർമർ മാറ്റും. ട്രാൻസ്‌ഫോർമർ മാറ്റിയ ശേഷം നിലവിലെ സ്‌ട്രക്‌ച്ചർ പൊളിച്ച് നീക്കും. പുതിയ ട്രാൻസ്‌ഫോർമറിൽനിന്ന് ഭൂമിക്കടിയിലൂടെയാണ് അബാൻ ജങ്‌ഷനിൽ ലൈനുകൾ പോവുക. മിനി സിവിൽ സ്റ്റേഷൻ വരെയുള്ള ലൈനുകളും ഭൂമിക്കടിയിലേക്കാകും. ഈ ട്രാൻസ്‌ഫോർമറിൽ നിന്നാണ് അബാൻ ജങ്‌ഷൻ, കണ്ണങ്കര, മിനി സിവിൽസ്റ്റേഷൻ തുടങ്ങി ടൗണിന്റെ പ്രധാന ഭാഗങ്ങളിലേക്കെല്ലാം വൈദ്യുതി എത്തുന്നത്. ഇത് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിൽ രണ്ട് ദിവസം വൈദ്യുതി വിതരണം മുടങ്ങിയത്. Read on deshabhimani.com