പുതമൺ പാലം 
നിർമാണത്തിന് തുടക്കം

പുതമൺ പാലം നിർമാണ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ നടന്ന യോഗം അഡ്വ. പ്രമോദ്‌ നാരായൺ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


റാന്നി  ശബരിമല പാതയുമായി ബന്ധപ്പെട്ട റോഡുകളുടെ പുനരുദ്ധാരണം അടിയന്തിരമായി നടപ്പാക്കാന്‍  കോർ കമ്മിറ്റിയെ നിയോഗിച്ചതായി പൊതുമരാമത്ത്  മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നി –- കോഴഞ്ചേരി റോഡിലെ പുതമൺ പാലം നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇത്തവണയും തീർഥാടനം സുഗമാക്കാൻ വേണ്ടതെല്ലാം ചെയ്യും. റോഡുകൾ മികച്ച നിലവാരത്തിൽ നവീകരിച്ചു തുടങ്ങി. അറ്റകുറ്റപ്പണികളും പൂർത്തിയാകുന്നു.  ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന റോഡാണ് പാലം ഉൾപ്പെടുന്ന റാന്നി –- കോഴഞ്ചേരി റോഡ്. ശബരിമല അനുബന്ധ പാതയായി ഉപയോഗിക്കുന്ന റോഡിന്റെ പല ഭാഗങ്ങളും തിരുവാഭരണപാതയായും ഉപയോഗിക്കുന്നുണ്ട്. 2.63 കോടി രൂപയാണ് പുതിയ പാലം നിർമിക്കാന്‍  ചെലവഴിക്കുക. പാലം നിർമാണം പൂർത്തിയാകുന്നതുവരെ ഇതുവഴി വാഹന ഗതാഗതം സുഗമമാക്കാൻ 30 ലക്ഷം രൂപ മുടക്കി താൽക്കാലിക പാതയും നിർമിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെയാണ് പുതിയ പാലത്തിന് തുകയനുവദിച്ചത്. നിർമാണവുമായി ബന്ധപ്പെട്ട് അഡ്വ. പ്രമോദ് നാരായൺ എംഎല്‍എ നിരന്തരം ഇടപെട്ടതായി മന്ത്രി  പറഞ്ഞു.  അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  കെ  ആർ സന്തോഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം സാം പി തോമസ്, വൈസ് പ്രസിഡന്റ്  ഗീതാകുമാരി, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സി. എൻജിനീയർ അജിത്ത്, അസി.  എൻജിനീയർ ഷിജ തോമസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News