ജില്ലാ സ്റ്റേഡിയം 
ഒരു വര്‍ഷത്തിനകം

രാത്രിയിലും സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു


പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജില്ലയുടെ കായികസ്വപ്നങ്ങൾക്ക് ഗതിവേഗം കൂട്ടുന്ന പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ നടത്തിയ ഓൺലൈൻ യോഗത്തിലാണ് നിർമാണം ത്വരിതപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കിയത്. സ്റ്റേഡിയം നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹണ ഏജന്‍സിയായ ഊരാളുങ്കല്‍ കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് നിര്‍ദേശം നല്‍കി. കാലാവസ്ഥാ വ്യതിയാനം കാരണം ഗ്രൗണ്ടില്‍ മണ്ണ് നിറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് താമസം വന്നെങ്കിലും സമാന്തരമായി മറ്റ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സൊസൈറ്റി അറിയിച്ചു. പവലിയന്‍ ഏരിയയിലെ പൈലിങ് തുടങ്ങി. സമയബന്ധിതമായി മണ്ണ് നിറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.  തടസ്സരഹിത നിർമാണത്തിന് അനുകൂലമായ സാഹചര്യമൊരുക്കാനാവശ്യമായ നിർദേശം നൽകാൻ കലക്ടർ എസ് പ്രേം കൃഷ്ണനെ ചുമതലപ്പെടുത്തി. മരങ്ങൾ നീക്കുന്നതും വൈദ്യുതപോസ്റ്റുകൾ മാറ്റുന്നതും ഉൾപ്പെടെയുള്ള വിവിധ അനുമതികൾ കാലതാമസം കൂടാതെ ലഭ്യമാക്കണം തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രി നൽകിയത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 47.9 കോടി രൂപ വിനിയോഗിച്ചാണ് കെ കെ നായര്‍ ജില്ലാ സ്റ്റേഡിയം നിര്‍മിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ എട്ട്‌ ലെയ്ന്‍ 400 മീ. സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുട്‌ബോള്‍ ടര്‍ഫ്, നീന്തല്‍ക്കുളം, പവലിയന്‍, ഗ്യാലറി മന്ദിരങ്ങള്‍ എന്നിവയാണ് നിര്‍മിക്കുക. രണ്ടാം ഘട്ടത്തിലാണ് ഹോസ്റ്റലിന്റെ നിര്‍മാണം. ലാൻഡ്‌ ഡെവലപ്‌മെന്റ് പ്രവൃത്തി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുട്‌ബോള്‍ ടര്‍ഫ് എന്നിവയുടെ നിർമാണമാണ് നടക്കുക. കലക്ടര്‍ എസ്‌ പ്രേം കൃഷ്ണന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ അനില്‍കുമാര്‍, സ്‌പോര്‍ട്സ്‌ കേരള ഫൗണ്ടേഷന്‍ ചീഫ് എൻജിനീയര്‍ പി കെ അനില്‍കുമാര്‍, നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് സുധീര്‍, ഊരാളുങ്കല്‍ കോ-–-ഓപ്പറേറ്റീവ് സൊസൈറ്റി ജി എം ഗോപകുമാര്‍ എന്നിവർ യോഗത്തിൽ സംസാരിച്ചു. Read on deshabhimani.com

Related News