വ്യാജപ്രചാരണം വലതുരാഷ്ട്രീയത്തെ തൃപ്തിപ്പെടുത്താന്‍: കെ പി ഉദയഭാനു
പത്തനംതിട്ട അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയ്ക്കെതിരെ സിപിഐ എം റാന്നി ഏരിയാ സമ്മേളനത്തിൽ വിമർശനം ഉയർന്നുവെന്ന തരത്തിലുള്ള മനോരമ വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രസ്താവനയില്‍ പറഞ്ഞു. അത്തരത്തിലുള്ള ചർച്ചകളോ വിമർശനമോ പാർടി സമ്മേളനത്തിൽ ഉണ്ടായിട്ടില്ല. റാന്നി മണ്ഡലത്തിലെ വികസന പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരാക്ഷേപവുമില്ല. പാര്‍ടിയുമായി ആലോചിച്ചുതന്നെയാണ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വികസന പദ്ധതികൾ നടപ്പാക്കി കൊണ്ടിരിക്കുന്നതും. മണ്ഡലത്തിലെ എല്ലാ മേഖലയിലേയും വികസനത്തിന് മുന്‍തൂക്കം നല്‍കിയുള്ള പദ്ധതികളാണ് നടക്കുന്നത്. സംസ്ഥാനത്തിന് തന്നെ മാതൃകയായ വിദ്യാഭ്യാസ പദ്ധതികള്‍ക്കടക്കം റാന്നിയില്‍ തുടക്കം കുറിക്കാനായതും ഇക്കാലയളവിലാണ്. എല്ലാ വിഭാഗം ജനങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തി ക്ഷേമവികസന പ്രവര്‍ത്തനത്തിന് എപ്പോഴും മുന്‍തൂക്കം കൊടുക്കുന്ന ജനപ്രതിനിധിയെ ആക്ഷേപിക്കുക കൂടിയാണ് വ്യാജ വാര്‍ത്തയിലൂടെ മനോരമ ചെയ്യുന്നത്. എംഎല്‍എയെയും പാര്‍ടിയെയും തമ്മില്‍ ഭിന്നിപ്പിക്കനാവുമോയെന്ന ദുഷ്ടലാക്കാണ് ഇത്തരം പ്രചാരണത്തിന് പിന്നില്‍. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫ് എംഎല്‍എമാര്‍ മാതൃകാപരമായ വികസന പ്രവര്‍ത്തനം തന്നെയാണ് നടത്തുന്നത്. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിച്ച് പാർടി പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങൾ കഴിഞ്ഞ കുറേ ദിവസങ്ങളായി ശ്രമിക്കുന്നത്. വളരെ ചിട്ടയോടെ ബ്രാഞ്ചുമുതൽ സിപിഐ എം സമ്മേളനങ്ങൾ കൃത്യമായി മുൻ നിശ്ചയപ്രകാരം ജില്ലയില്‍ നടക്കുകയാണ്. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. ഏരിയ സമ്മേളനങ്ങളും പൂര്‍ത്തിയാകുന്നു. ഡിസംബര്‍ അവസാനവാരം നടക്കുന്ന ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കത്തിലാണ് പാര്‍ടിയൊന്നാകെ. ജില്ലയിൽ മുമ്പെന്നത്തേക്കാളും സിപിഐ എം ശക്തി നേടിയിട്ടുണ്ട്. അതിനെ ഏതുവിധത്തിലും ഇകഴ്‌ത്തിക്കാട്ടാന്‍ വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന ശ്രമമാണ് പാര്‍ടിക്കെതിരായ കള്ളപ്രചാരണങ്ങൾ. തിരുവല്ല ഏരിയയെ സംബന്ധിച്ചും ഇത്തരം പ്രചാരണങ്ങളാണ് മാധ്യമങ്ങള്‍ നടത്തുന്നത്. അവിടെ പാര്‍ടിയില്‍ ഒരു വിഭാഗീയതയുമില്ല, നടപടിയുമില്ല. സമ്മേളനങ്ങള്‍ സംഘടനാപരമായി രീതിയില്‍ എല്ലാം നടക്കും. മറിച്ചുള്ള പ്രചാരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും കെ പി ഉദയഭാനു പ്രസ്താവനയില്‍ പറഞ്ഞു. Read on deshabhimani.com