മൃതദേഹം 
ഏറ്റുവാങ്ങാൻ ജന്മനാട്‌



 പത്തനംതിട്ട ജീവനറ്റ്‌ അഞ്ചര പതിറ്റാണ്ടിനുശേഷം ധീരജവാന്റെ ശരീരം വെള്ളിയാഴ്‌ച എത്തിക്കുന്നതും കാത്ത് ജന്മനാട്. ലേ ലഡാക്കിലെ മഞ്ഞുമലകൾക്കടിയിൽ അകപ്പെട്ട്‌ 56 വർഷത്തിനുശേഷമാണ്‌ ഇലന്തൂർ ഭഗവതികുന്ന്‌ ഒടാലിൽ തോമസ്‌ ചെറിയാന്റെ മൃതശരീരം നാട്ടിലെത്തുന്നത്‌. തോമസ്‌ ചെറിയാന്റെ മൂത്ത സഹോദരൻ തോമസ്‌ മാത്യുവിന്റെ വീട്ടിലാണ്‌ മൃതദേഹമെത്തിക്കുന്നത്‌. ഇവിടെ വൻ പൗരാവലി അന്ത്യാഭിവാദ്യമർപ്പിക്കും. തിരുവനന്തപുരം പാങ്ങോട്‌ സൈനിക ക്യാമ്പിൽ വ്യാഴാഴ്‌ച എത്തിച്ച മൃതദേഹം സേനയുടെ ഗാർഡ്‌ ഓഫ്‌ ഓണറിനും ഔദ്യോഗിക നടപടികൾക്കും ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌.  സൈനിക അകമ്പടിയോടെ വെള്ളി രാവിലെ പത്തിന്‌ ഇലന്തൂർ ചന്ത ജങ്‌ഷനിൽ എത്തിച്ച്‌ വിലാപയാത്രയായാണ്‌ വീട്ടിലേക്ക്‌ മൃതദേഹം എത്തിക്കുക. വീട്ടിലെ ചടങ്ങുകൾക്ക്‌ കുറിയാക്കോസ് മാർ ക്ലീമിസ്‌ വലിയ മെത്രാപ്പൊലീത്ത, ഡോ. എബ്രഹാം മാർ സെറാഫിം എന്നിവർ നേതൃത്വം നൽകും. പകൽ രണ്ടിന്‌ കാരൂർ പള്ളിയിൽ ഔദ്യോഗിക  ബഹുമതികളോടെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്‌കരിക്കും. Read on deshabhimani.com

Related News