ജനകീയ സദസ്സുകള്‍ ചേര്‍ന്നു; ചെറുവാഹനങ്ങള്‍ക്ക് പരിഗണന
പത്തനംതിട്ട ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ജനകീയ സദസ്സുകൾ പൂര്‍ത്തിയായി. അഞ്ചു താലൂക്കിലുമാണ് സദസ്സുകള്‍ ചേര്‍ന്നത്. ആറന്മുള താലൂക്കിലെ സദസ്സ് ബുധനാഴ്ചയായിരുന്നു. കൂടുതൽ നിർദേശങ്ങൾ സമർപ്പിക്കാന്‍ ആറന്മുള താലൂക്കില്‍ പത്താം തീയതി വരെ സമയം അനുവദിച്ചിട്ടുണ്ട്. വിവിധ താലൂക്കുകളിൽ ജനകീയ സദസ്സുകളില്‍നിന്ന് ലഭിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വിലയിരുത്തും. ബന്ധപ്പെട്ട പ്രദേശങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ പരിശോധന നടത്തിയ ശേഷമാകും റിപ്പോര്‍ട്ട് കൈമാറുക. കുറഞ്ഞത് രണ്ടു മാസമെങ്കിലും ഇതിനെടുക്കുമെന്നാണ് കരുതുന്നത്. വേണ്ടിവന്നാല്‍ വീണ്ടും ജനാഭിപ്രായം തേടിയേക്കും. കെഎസ്ആർടിസിക്ക് മാത്രം അനുവദിച്ച ദേശസാൽക്കൃത റൂട്ടുകൾ ഒഴികെയുള്ള പ്രദേശങ്ങളിലാണ് സ്വകാര്യമേഖലയുടെ സഹായത്തോടെ കൂടുതൽ ഗതാഗത ക്രമീകരണങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നത്. ഗ്രാമീണ മേഖലയായതിനാല്‍ തന്നെ ചെറു വാഹനങ്ങളാണ് ഈ പ്രദേശത്തേക്ക് സർവീസ് നടത്താൻ പരിഗണിക്കുകയെന്ന് അറിയുന്നു. 20 മുതല്‍ 25 വരെ സീറ്റുള്ള വാഹനങ്ങള്‍ക്കാകും പരിഗണനയെന്നാണ് തീരുമാനം. മോട്ടോര്‍ വാഹനവകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഈ റൂട്ടുകളില്‍ വാഹന സര്‍വീസ് നടത്താന്‍ താല്‍പ്പര്യമുള്ളവരില്‍നിന്ന് സർക്കാർ അപേക്ഷ ക്ഷണിക്കും. ചെറിയ റോഡുകളും മറ്റുമുള്ള പ്രദേശത്തേക്കുള്ള യാത്രാ സൗകര്യം കൂടി പരിഗണിച്ചാണ് ചെറിയ വാഹനങ്ങൾ അനുവദിക്കാൻ നീക്കം. കോവിഡ് കാലത്തിനുശേഷം ഉള്‍പ്രദേശത്തെ പല മേഖലയിലും സ്വകാര്യ ബസ്സുകൾ സർവീസ് നിര്‍ത്തിയിട്ടുണ്ട്. അതിനെ തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ചെറുവാഹനങ്ങൾ ലഭ്യമാക്കുക. Read on deshabhimani.com