ഉടൻ സജ്ജമാകും
പത്തനംതിട്ട പത്തനംതിട്ടയിൽ നിർമിക്കുന്ന ആധുനിക ഭക്ഷ്യസുരക്ഷാ പരിശോധന ലാബ് ശബരിമല തീർഥാടന കാലത്തിന് മുമ്പ് സജ്ജമാകും. കെട്ടിടനിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഈ മാസം അവസാനത്തോടെ കെട്ടിട നിർമാണം പൂർത്തിയാകും. ലാബിനുവേണ്ട മറ്റ് ഉപകരണങ്ങളെല്ലാം നവംബർ ആദ്യം എത്തുമെന്ന് അധികൃതർ പറഞ്ഞു. മൂന്ന് കോടി രൂപ ചെലവിലാണ് പത്തനംതിട്ട നഗരത്തിന് സമീപംഅണ്ണായിപ്പാറയിൽ 11 സെന്റ് വസ്തുവില്‍ ഭക്ഷ്യസുരക്ഷാ പരിശോധനാ ലാബ് നിര്‍മിക്കുന്നത്. സ്ഥലം എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രത്യേക താൽപ്പര്യമെടുത്താണ് പദ്ധതി ആരംഭിക്കുന്നത്. നിലവില്‍ തിരുവനന്തപുരത്തെ ഭക്ഷ്യസുരക്ഷാ ലാബിലേക്കാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുന്നത്. ശബരിമല സീസണ്‍ കൂടി തുടങ്ങുന്നതോടെ പരിശോധനകളുടെ എണ്ണവും കൂട്ടേണ്ടി വരാറുണ്ട്. നിലവില്‍ തിരുവന്തപുരത്ത് നടത്തുന്ന പരിശോധനാ ഫലം ലഭിക്കാൻ ഏറെ കാലതാമസവും നേരിടുന്നു. അതിനും പത്തനംതിട്ടയിലെ പുതിയ ലാബ് പരിഹാരമാകും. വിവിധ സൂക്ഷ്‌മാണു പരിശോധനകൾ, കീടനാശിനി പരിശോധനകൾ, മൈക്കോടോക്സിൻ തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ പുതിയ ലാബിലുണ്ടാകും. ശബരിമലയ്ക്കായി പത്തനംതിട്ടയിൽ ചെറിയൊരു ലാബ് മാത്രമാണ് നിലവിലുള്ളത്. കുടിവെള്ളത്തിന്റെ പരിശോധനകൾ മാത്രമാണ് ഇവിടെ നടത്താൻ കഴിയുക. മറ്റു പരിശോധനകൾക്ക് തിരുവനന്തപുരത്തെ ലാബിനെയാണ് ആശ്രയിക്കുന്നത്. പുതിയ ലാബ് സജ്ജമാകുന്നതോടെ അഴൂര്‍ റോഡിലെ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ ലാബ് സംവിധാനങ്ങളും പുതിയ സംവിധാനത്തിലേക്ക് മാറ്റും. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് റീജിയണൽ ലാബുകളാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ളത്. കണ്ണൂര്‍ കൂത്തുപറമ്പിലും ആധുനിക ലാബ് സജ്ജമാകുന്നുണ്ട്. Read on deshabhimani.com