വൈകാതെ ഓടും ഗ്രാമവണ്ടികള്‍



പത്തനംതിട്ട മുമ്പൊരു കാലത്തും ഉണ്ടാകാത്ത വിധത്തിൽ ഗ്രാമീണ റോഡുകളുടെ നവീകരണം പൂർത്തിയായതോടെ  ഉള്‍​ഗ്രാമങ്ങളിലേക്ക്  പൊതുഗതാഗത സംവിധാനത്തിന് ആവശ്യകതയേറുന്നു. മോട്ടോർ വാഹന വകുപ്പ് മുൻകൈയെടുത്ത് എല്ലാ താലൂക്കിലും നടത്തുന്ന ജനസദസ്സുകളിൽ ഗ്രാമീണ മേഖലയിലേക്കുള്ള പൊതു ഗതാഗതത്തിന് ആവശ്യകതയും നിർദ്ദേശങ്ങളും ഏറി. പൊതു​ഗതാ​ഗതം കഴിവതും എല്ലാ മേഖലയിലും എത്തിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ പൊതു നയത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ജനകീയ സദസ്സ് ചേരുന്നത്.     കോവിഡ് പല മേഖലയിലും പൊതു​ഗത​ഗാതം  കുറയാനിടയാക്കിയിരുന്നു. ഗ്രാമീണ മേഖലകളില്‍ അതിനനുയോജ്യമായ ചെറു ബസുകള്‍ക്ക് മുന്‍​ഗണന നല്‍കുന്ന നീക്കമാണ് മോട്ടോര്‍ വകുപ്പ് പരി​ഗണിക്കുന്നത്. ചില റൂട്ടുകള്‍ കെഎസ്ആര്‍ടിസിക്ക് മാത്രമായി മാറ്റിയിട്ടുണ്ട്. അല്ലാത്തവയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് സര്‍വീസ് നടത്തുന്നതിന് ആലോചന. മോട്ടോര്‍ വകുപ്പ് ജനസദസ്സുകളില്‍ ഉയരുന്ന നിര്‍ദേശമനുസരിച്ചാകും  ​ഉന്നതതലത്തിലേക്ക് റിപ്പോര്‍ട്ട് കൈമാറുക.     തിരുവല്ല, മല്ലപ്പള്ളി,  റാന്നി താലൂക്കുകളില്‍ ഇതിനകം ജനസദസ്സുകള്‍ ചേര്‍ന്നു. എല്ലാ തലത്തിലെയും ജനപ്രതിനിധികളും പങ്കെടുത്ത യോ​ഗങ്ങളില്‍ വിശദമായ ചര്‍ച്ചകളും നിര്‍ദേശങ്ങളും ഉയര്‍ന്നു വന്നു. മല്ലപ്പള്ളി താലൂക്കില്‍ നിന്ന് 68 പുതിയ ബസ് റൂട്ടുകളുടെ നിര്‍ദേശമാണ് വന്നത്. ഇവയെല്ലാം ക്രോഡീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഈ മാസം തന്നെ റിപ്പോര്‍ട്ട് ഉന്നതതലത്തിലേക്കും കൈമാറും.  കോന്നിയില്‍ വ്യാഴാഴ്ചയും അടൂരില്‍ 21നും സദസ്സ്‌ ചേരും. കോഴഞ്ചേരി താലൂക്കിലെ യോ​ഗം മന്ത്രിയുടെ സൗകര്യം പരി​ഗണിച്ച്  പിന്നീട് തീരുമാനിക്കും.    പരീക്ഷണാടിസ്ഥാനത്തില്‍ ചെറുബസുകളുടെ സര്‍വീസ് ഓണത്തിന് മുമ്പ് തുടങ്ങുന്നതിനാണ് ആലോചന. ജനങ്ങള്‍ ഏറ്റവും പ്രയാസം നേരിടുന്ന, പൊതു​ഗതാ​ഗതം തീരെയില്ലാത്ത പ്രദേശങ്ങള്‍ക്കാകും ആ​ദ്യ പരി​ഗണന.  പുതിയ റൂട്ടുകള്‍ ആരംഭിക്കുമ്പോള്‍ തിരക്ക് പരി​ഗണിച്ച് ഒരേ ബസ് തന്നെ രാവിലെ ഒരു റൂട്ടിലും ഉച്ചയോടെ മറ്റ് റൂട്ടുകളിലേക്കും മാറ്റുന്നതും പരി​ഗണിക്കും. സാധാരണ ഓര്‍ഡിനറി സര്‍വീസുകള്‍ ഇത്തരത്തില്‍ നിലവില്‍   ഓടുന്നുണ്ട്. നിലവില്‍ കെഎസ്‌ആര്‍ടിസിയുടെ ​ഗ്രാമീണ ബസ് പദ്ധതി ജില്ലയില്‍ റാന്നി പെരുന്നാട് പഞ്ചായത്തില്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. പഞ്ചായത്ത് നിശ്ചയിക്കുന്ന റൂട്ടിലും സമയത്തുമാണ്  സര്‍വീസ്. പെരുനാട് പഞ്ചായത്തില്‍  സര്‍വീസ് മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു.   Read on deshabhimani.com

Related News