നാടിന്റെ സല്യൂട്ട്‌



 പത്തനംതിട്ട തോമസ്‌ ചെറിയാന്‌ സർവാദരവോടെ വിട. മഞ്ഞുപാളികൾക്കടിയിൽ മരവിച്ച്‌ അഞ്ചര പതിറ്റാണ്ടിനിപ്പുറം ആ ചേതനയറ്റ ശരീരം ജന്മനാട്ടിലെത്തി. ധീരതയെ നാട്‌ വലിയ വികാരത്തിൽ ഏറ്റുവാങ്ങി. ജീവിച്ചിരുന്നെങ്കിൽ 78 വയസ്സാകുമായിരുന്ന ആ മനുഷ്യന്റെ സമകാലികരുടെ നിരയുമുണ്ടായിരുന്നു തടിച്ചുകൂടിയ ജനത്തിരക്കിൽ. രണ്ട്‌ തലമുറയാണ്‌ ധീര ജവാന്‌ അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തിയത്‌. വ്യാഴാഴ്ച തിരുവനന്തപുരം പാങ്ങോട്‌ സൈനികാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സൈനിക അകമ്പടിയിൽ രാവിലെ പത്തോടെ ഇലന്തൂർ മാർക്കറ്റ് ജങ്‌ഷനിലെത്തിച്ചു. വിവിധ തുറയിലെ വൻ ജനാവലിയാണ്‌ ഇവിടെ രാവിലെ മുതൽ കാത്തുനിന്നത്‌. അലങ്കരിച്ച സൈനിക വാഹനത്തിലാണ്‌ മൃതദേഹം വഹിച്ച വിലാപയാത്ര എത്തിയത്‌. ആളുകൾ പുഷ്‌പവൃഷ്ടി നടത്തി വരവേറ്റു. വിലാപയാത്രയായി സൈനികരുടെയും പൊലീസിന്റെയും അകമ്പടിയിൽ ഭഗവതികുന്നിലെ ഒടാലിൽ വീട്ടിലേക്ക്‌ കൊണ്ടുപോയി.  വഴിയോരമാകെ നാട്‌ പൂക്കളുമായി കാത്തുനിന്നു. ആളുകൾ വരിനിന്ന്‌ അന്ത്യോപചാരമർപ്പിച്ചു. ഇവിടെവച്ച്‌ സംസ്ഥാന പൊലീസിന്റെ ഗാർഡ്‌ ഓഫ്‌ ഓർണർ നൽകി. പകൽ പന്ത്രണ്ടോഓടെ നെടുവേലി ജങ്‌ഷനിലൂടെ കാരൂർ പള്ളിയിലേക്ക്‌ വിലാപയാത്ര നീങ്ങി. പള്ളിയിലും അനുശോചനം അറിയിക്കാനെത്തിയവരുടെ വൻ തിരക്ക്‌.  ആരോഗ്യമന്ത്രി വീണാ ജോർജ്‌ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുംവേണ്ടി പുഷ്‌പചക്രം സമർപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറിയറ്റംഗങ്ങളായ എ പത്മകുമാർ, അഡ്വ. ഓമല്ലൂർ ശങ്കരൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. രാജ്യസഭ മുൻ ഡെപ്യൂട്ടി സ്‌പീക്കർ പി ജെ കുര്യൻ, ആന്റോ ആന്റണി എംപി എന്നിവർ അനുശോചനം അറിയിച്ചു. തോമസ്‌ ചെറിയാൻ പഠിച്ച തോട്ടുപുറം എംടിഎൽപി സ്‌കൂൾ, പത്തനംതിട്ട കാതോലിക്കേറ്റ്‌ സ്‌കൂൾ, കാതോലിക്കേറ്റ്‌ കോളേജ്‌ എന്നിവിടങ്ങളിൽനിന്ന്‌ പൂർവകാല വിദ്യാർഥികളും അധ്യാപകരും നിരവധിയെത്തി. ജില്ലയ്‌ക്ക്‌ പുറത്തുനിന്നുൾപ്പെടെ വിമുക്ത ഭടന്മാരുടെ വലിയ നിര തോമസ്‌ ചെറിയാനെ യാത്രയയക്കാനെത്തി. പള്ളിയിൽനിന്ന്‌ പുറത്ത്‌ തയ്യാറാക്കിയ പന്തലിലെത്തിച്ച മൃതദേഹത്തിൽ സൈനികരുടെ ഗാർഡ്‌ ഓഫ്‌ ഓണർ. പിന്നീട്‌ പ്രത്യേകം നിർമിച്ച കല്ലറയ്‌ക്ക്‌ സമീപവും സൈനികരുടെ അന്ത്യാഭിവാദ്യം അർപ്പിച്ചശേഷം സംസ്‌കരിച്ചു. മൃതദേഹം പുതപ്പിച്ച ദേശീയപതാക കുടുംബാംഗങ്ങൾക്ക്‌ കൈമാറി.  Read on deshabhimani.com

Related News