90 പേർക്ക് ജോലി
പത്തനംതിട്ട വ്യവസായിക പരിശീലന വകുപ്പും കേരള നോളജ് ഇക്കോണമി മിഷനും വിജ്ഞാന പത്തനംതിട്ട പദ്ധതിയും ചേർന്ന് തൊഴിൽമേള ‘സ്‌പെക്ട്രം’ നടത്തി. ചെന്നീർക്കര ഗവ. ഐടിഐയിൽ നടന്ന മേളയിൽ 250 ഉദ്യോഗാർഥികൾ പങ്കെടുത്തു. ഐടിഐ യോഗ്യതയുള്ളവർക്കായാണ് മേള നടത്തിയത്. 37 കമ്പനികളിലായി 1500ൽപ്പരം അവസരങ്ങളിലേക്കാണ് അഭിമുഖം നടന്നത്. 132 പേർ ചുരുക്കപ്പട്ടികയിൽ ഇടംനേടി. 90 പേർ തൊഴിലിനർഹരായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി അധ്യക്ഷയായി. മുൻ എംഎൽഎ കെ സി രാജഗോപാലൻ, ഹരിത കേരളം മിഷൻ കോർഡിനേറ്റർ അനിൽകുമാർ, വിജ്ഞാന പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ബി ഹരികുമാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com