കൃഷിക്കും വീടുകൾക്കും വൻ നാശം



പത്തനംതിട്ട കാലവർഷത്തിൽ ഇത്തവണ ജില്ലയിൽ റിപ്പോർട്ട്‌ ചെയ്‌തത്‌ വൻ നാശനഷ്‌ടം. കനത്ത മഴയിലും ശക്‌തമായ കാറ്റിലും മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞുമാണ്‌ കൂടുതൽ നാശം. മരങ്ങളൊടിഞ്ഞ്‌ വൈദ്യുതി ലൈനുകൾ പൊട്ടി വീണും വൈദ്യുതി തൂണുകൾ ഒടിഞ്ഞും നാശമുണ്ട്‌. വീടുകൾക്ക്‌ മുകളിൽ മരം വീണുണ്ടാകുന്ന നാശത്തിന്റെ കണക്ക്‌ വലുതാണ്‌. വ്യാപക കൃഷി നാശവും ജില്ലയിലുണ്ടായി. കോടികളുടെ നാശമാണ്‌ ജൂൺ, ജൂലൈ മാസങ്ങളിലുണ്ടായത്‌. കാലവർഷം ശക്തമായ 15 മുതലുള്ള നാല്‌ ദിവസങ്ങളിലാണ്‌ നാശനഷ്‌ടം കൂടുതലും. ജൂൺ, ജൂലൈ മാസങ്ങളിൽ ജില്ലയിൽ 199 വീടുകളാണ്‌ ആകെ തകർന്നത്‌. ഇതിൽ 195 വീടുകൾ ഭാഗികമായും നാല്‌ വീടുകൾ പൂർണമായും തകർന്നവയാണ്‌. മഴ ശക്തമായ 15 മുതൽ 18 വരെ മാത്രം ജില്ലയിൽ 131 വീടുകൾക്കാണ്‌ ഭാഗികനാശമുണ്ടായത്‌.  മരങ്ങൾ വീണാണ്‌ ഭൂരിഭാഗവും നാശമുണ്ടായിരിക്കുന്നത്‌. മല്ലപ്പള്ളി താലൂക്കിലാണ്‌ ഏറ്റവുമധികം വീടുകൾക്ക്‌ നാശം –- 40 വീടുകൾ. കോന്നി, കോഴഞ്ചേരി താലൂക്കുകളിൽ 21 വീതവും റാന്നി താലൂക്കിൽ 26 വീടും അടൂർ താലൂക്കിൽ 14 വീടും തിരുവല്ല താലൂക്കിൽ ഒമ്പത്‌ വീടും ഭാഗികമായി നശിച്ചു. Read on deshabhimani.com

Related News