ഇന്ന്‌ അത്തം ചെണ്ടുമല്ലി ഓൺ സ്‌റ്റേജ്‌...

പത്തനംതിട്ട നഗരത്തിലെ പൂക്കടയിൽ പൂക്കൾ വേർതിരിച്ച് വയ്ക്കുന്നു


 പത്തനംതിട്ട അത്തം മുതൽ നാടെങ്ങും പൂക്കളം നിറയുന്ന ഓണക്കാലം വന്നെത്തി. നാടൻ പൂക്കൾ കളങ്ങൾ നിറച്ച പഴയ കാലം പോയ്‌മറഞ്ഞെങ്കിലും പൂക്കളമില്ലാത്ത ഓണത്തെക്കുറിച്ച്‌ ചിന്തിക്കാനാവില്ല.  തുമ്പയും തെച്ചിയും കണ്ണാന്തളിയുമൊക്കെ അത്തപ്പൂക്കളങ്ങളിൽനിന്ന്‌ അപ്രത്യക്ഷമായി. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ജമന്തിയും ഡാലിയയും ചെണ്ടുമല്ലിയും അരളിയും പലതരം റോസാപ്പൂക്കളുമാണ് പൂക്കളങ്ങളെ ഇന്ന്‌ വർണാഭമാക്കുന്നത്‌. ഓണക്കാലമായതോടെ പൂവിപണികൾ സജീവമാകാനിരിക്കുകയാണ്‌. കോടികളുടെ വിൽപ്പനയാണ്‌ ഓരോ ഓണക്കാലവും വിപണിയ്‌ക്ക്‌ സമ്മാനിക്കുന്നത്‌. അത്തത്തിന്‌ മുന്നോടിയായി വ്യാഴാഴ്‌ച തന്നെ ജില്ലയിലെ വിപണികളിൽ ഓണത്തിനുള്ള പൂക്കൾ എത്തിത്തുടങ്ങി. ആദ്യ നാളുകളിൽ കാര്യമായ കച്ചവടം പൂക്കച്ചവടക്കാർ പ്രതീക്ഷിക്കുന്നില്ല. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ആഘോഷങ്ങൾ മുറുകുന്നതിനനുസരിച്ച്‌ കച്ചവടമുയരുമെന്ന്‌ പ്രതീക്ഷയുണ്ട്‌. വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയതിനാൽ കച്ചവടം കുറയുമോയെന്ന ആശങ്കയുമുണ്ട്‌. വിപണിയിൽ റെഡിമെയ്‌ഡ്‌ പൂക്കളം ഇറങ്ങിയിട്ടുണ്ടെങ്കിലും പൂ വ്യാപാരികൾ ഇവ പ്രോത്സാഹിപ്പിക്കുന്നില്ല. ഹുസൂർ, ബംഗളൂരു, കോയമ്പത്തൂർ, കമ്പം, തേനി, ശങ്കരംകോവിൽ, തെങ്കാശി, ചെങ്കോട്ട എന്നിവിടങ്ങളിൽ നിന്നാണ്‌ ജില്ലയിലെ മാർക്കറ്റിൽ പ്രധാനമായും പൂ എത്തുന്നത്‌. പ്രാദേശികമായി പൂക്കൃഷി വ്യാപിച്ചതോടെ ഇവിടെ ഉൽപ്പാദിപ്പിക്കുന്ന പൂവും ഇപ്പോൾ കൂടുതൽ കിട്ടുന്നു. അതിനാൽ ഒരു പരിധി വരെ വില കുറയും. അന്യസംസ്ഥാന പൂവുകളെ അപേക്ഷിച്ച്‌ നാട്ടിലെ പൂവ്‌ താമസമില്ലാതെ വിപണികളിൽ എത്തുന്നതിനാൽ വാടാതെയും ലഭിക്കും. വ്യാഴാഴ്‌ച തന്നെ വിപണിയിൽ പൂവിലയിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്‌. വിനായക ചതുർഥിയും വില ഉയരാൻ കാരണമാണ്‌. ബുധനാഴ്‌ച ലഭിച്ച വിലയിൽ നിന്ന്‌ 10 മുതൽ 80 രൂപ വരെ മാറ്റമുണ്ട്‌. ബുധനാഴ്‌ചത്തെ അപേക്ഷിച്ച്‌ വ്യാഴാഴ്‌ച ചെണ്ടുമല്ലിക്ക്‌ 10 രൂപ കൂടി 100 ആയി. വാടാമുല്ലയ്‌ക്ക്‌ 30 രൂപ കൂടി 160ഉം ട്യൂബ്‌ റോസിന്‌ 80 രൂപ കൂടി 400 ഉം റോസാപ്പൂവിന്‌ 130 രൂപ കൂടി 350ഉം ആയി. മുല്ലപ്പൂ ഒരു മീറ്ററിന്റെ വില 80ൽ നിന്ന്‌ 100 ആയും ഉയർന്നു. കോടിയിലധികം രൂപയുടെ കച്ചവടമാണ്‌ ഓണനാളുകൾ പൂ വിപണിക്ക്‌ സമ്മാനിക്കുന്നത്‌. ജില്ലയിലാകെ നൂറിലധികം പൂക്കടകളും പ്രവർത്തിക്കുന്നു. Read on deshabhimani.com

Related News