യുദ്ധവെറിക്കെതിരെ 
സിപിഐ എം പ്രതിഷേധം

സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയംഗം 
രാജു ഏബ്രഹാം ഉദ്‌ഘാടനം ചെയ്യുന്നു


പത്തനംതിട്ട ലോകത്താകെ നടമാടുന്ന യുദ്ധവെറിക്കെതിരെ പ്രതിഷേധിച്ച്‌ സിപിഐ എം. മനുഷ്യ ജീവിതം ഇല്ലാതാക്കി നേട്ടം കൊയ്യുന്ന യുദ്ധവെറിയൻമാർക്കെതിരെയുള്ള താക്കീതായി പ്രതിഷേധം. സാമ്രാജ്യത്വ ശക്തികൾ ലോകമെമ്പാടും നടത്തുന്ന യുദ്ധക്കെടുതികൾക്കെതിരെ ഇടതുപക്ഷം നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ നടത്തിയ യോഗം  സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്‌ഘാടനം ചെയ്‌തു.  പശ്ചിമേഷ്യയിൽ നിന്നുതുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന യുദ്ധം തുടർന്നാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരള സമൂഹത്തെയാകുമെന്ന്‌ രാജു ഏബ്രഹാം പറഞ്ഞു. ഇവിടങ്ങളിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നതും മലയാളികളാണ്. ഗൾഫ് മേഖലയിലെ പ്രശ്നങ്ങൾ കാരണം ഇന്ധന വിലയടക്കം ഉയരാനിടയാകും. അതിനാൽ യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് രാജു എബ്രഹാം പറഞ്ഞു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താൽപ്പര്യമനുസരിച്ചാണ്‌ ലോകമെമ്പാടും യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്‌. പതിനായിരക്കണക്കിന്‌ പലസ്‌തീൻ ജനതയാണ്‌ ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത്‌. ഇതിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്‌. യുദ്ധവിരുദ്ധ സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായിരുന്നു പരിപാടി. ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ബി ഹർഷകുമാർ, അഡ്വ. ആർ സനൽകുമാർ, എസ്‌ നിർമലദേവി, പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്‌ജു എന്നിവർ സംസാരിച്ചു.       Read on deshabhimani.com

Related News