ഇനി പുതിയ പാലം
സീതത്തോട് സീതത്തോട്ടിൽ പുതിയ പാലം നിർമാണം തുടങ്ങി. പഴയ പാലം വ്യാഴാഴ്‌ച പൊളിച്ചു. പുതിയ പാലം നിർമിക്കാൻ തടസ്സമായി നിന്നത് പഴയപാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങളും തർക്കങ്ങളുമായിരുന്നു. പാലം പണി തടസ്സപ്പെടുത്താൻ കോൺഗ്രസുകാർ മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പാലം പൊളിക്കുന്നത് കാണാന്‍ നൂറുകണക്കിനാളുകൾ എത്തി. വ്യാഴം രാവിലെ ഒമ്പതു മുതൽ ജനങ്ങൾ മാർക്കറ്റിലും പരിസരത്തുമായി എത്തിത്തുടങ്ങിയിരുന്നു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് പഴയപാലം പൊളിക്കുന്ന ഘട്ടം എത്തിയെന്ന് അറിഞ്ഞപ്പോൾ നാട്ടുകാർക്ക് സന്തോഷമായി. പാലം നിർമാണം ആരംഭിച്ചത് ജനകീയോത്സവമായി. അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2.17 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. നിർമാണം ആരംഭിക്കുന്നതിന് മുമ്പ് സിപിഐ എം സീതത്തോട്, ആങ്ങമൂഴി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയ്ക്കും സംസ്ഥാന സർക്കാരിനും അഭിവാദ്യമർപ്പിച്ച് പ്രകടനവും യോഗവും നടത്തി. നൂറു കണക്കിനാളുകൾ പങ്കെടുത്ത പ്രകടനം സഹകരണ ബാങ്ക് ജങ്‌ഷനിൽ നിന്നാരംഭിച്ച് മാർക്കറ്റ് ജങ്‌ഷനിലെ പൊതുയോഗവേദിയിൽ എത്തി. സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. സീതത്തോട് ലോക്കൽ സെക്രട്ടറി എം എ കുരുവിള അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ ജോബി ടി ഈശോ, കെ ജി മുരളീധരൻ, പി ആർ പ്രമോദ്, ലേഖ സുരേഷ്, കെ കെ മോഹനൻ, വി എ സലീം എന്നിവർ സംസാരിച്ചു. ആങ്ങമൂഴി ലോക്കൽ സെക്രട്ടറി ടി എ നിവാസ് സ്വാഗതവും ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറി ജയ്സൺ സാജൻ ജോസഫ് നന്ദിയും പറഞ്ഞു. Read on deshabhimani.com