മുദ്രപ്പത്രങ്ങൾക്ക്‌ ക്ഷാമം



  പത്തനംതിട്ട ഇ –-സ്‌റ്റാമ്പിങ്‌ നടപടി പുരോഗമിക്കുന്നതോടെ മുദ്രപ്പത്രങ്ങളുടെ ലഭ്യത കുറയുന്നു. വിറ്റഴിക്കാനാവുമോയെന്ന ആശങ്ക കൊണ്ടാണ്‌ വെണ്ടർ ലൈസൻസികൾ മുദ്രപ്പത്രങ്ങൾ വാങ്ങി ശേഖരിക്കുന്നത്‌ പരിമിതപ്പെടുത്തിയത്‌. ഇതുമൂലമാണ്‌ ഈ രംഗത്ത്‌ ക്ഷാമം നേരിടുന്നത്‌. ജില്ലയിൽ വിതരണം ചെയ്യാനുള്ള ആവശ്യത്തിലധികം മുദ്രപ്പത്രങ്ങൾ ശേഖരത്തിലുണ്ടെന്ന്‌ ജില്ലാ ട്രഷറി അധികൃതർ പറഞ്ഞു.  ആധാരം രജിസ്‌റ്റർ ചെയ്യുന്നതടക്കമുള്ള നടപടികൾ ഇ–-സ്‌റ്റാമ്പിങ്ങാക്കുന്നത്‌ പുരോഗമിക്കുകയാണ്‌. ഒരുലക്ഷം രൂപയ്‌ക്ക്‌ മുകളിലുള്ള എല്ലാ ഇടപാടുകൾക്കും നേരത്തെ ഇ– സ്‌റ്റാമ്പിങ്‌ പ്രാബല്യത്തിലായിരുന്നു.  കഴിഞ്ഞയാഴ്‌ച മുതൽ ഒരു ലക്ഷം രൂപയിൽ താഴെ വിലയിലുമുള്ള എല്ലാ മുദ്രപ്പത്രത്തിനും ഇ–-സ്‌റ്റാമ്പിങ് തുടങ്ങി. അടുത്ത സാമ്പത്തിക വർഷത്തോടെ പൂർണമായും ഇ സ്‌റ്റാമ്പിങ്‌ മാത്രമാകും. ഈ സാഹചര്യത്തിലാണ്‌ വെണ്ടർമാർ മുദ്രപ്പത്രം വാങ്ങി ശേഖരിക്കുന്നത്‌ നിയന്ത്രിച്ചത്‌. ഇത്‌ സാധാരണ ഇടപാടുകാരെയാണ്‌ ബാധിച്ചിരിക്കുന്നത്‌. വാടക ചീട്ട്‌, സത്യവാങ്മൂലം, കരാറുകൾ തുടങ്ങി 500 രൂപയിൽ താഴെ വിലവരുന്ന മുദ്രപ്പത്രങ്ങൾ വേണ്ടി വരുന്നവർക്കാണ്‌ ബുദ്ധിമുട്ട്‌ നേരിടുന്നത്‌. മുദ്രപ്പത്രം വിൽക്കാനുള്ള ലൈസൻസ്‌ വെണ്ടർമാർക്ക്‌ മാത്രമാണെന്നത്‌ പോലെയാണ്‌ ഇ–-സ്‌റ്റാമ്പിങ്ങും. പരമ്പരാഗത പേപ്പറും ഫ്രാങ്കിങ്‌ സ്‌റ്റാമ്പിങ്‌ രീതിയും മാറ്റി ഡിജിറ്റൽ പ്രിന്റ്‌ വരുന്നതാണ്‌ ഇ–-സ്‌റ്റാമ്പിങ്‌. ആവശ്യമുള്ള തുകയുടെ പണമടച്ചാൽ അതിന്റെ ഡിജിറ്റൽ പ്രിന്റ്‌ ലഭിക്കും. പുതിയ രീതി പലതരത്തിലുള്ള നേട്ടമുണ്ടാക്കും. ചെറിയ തുകയുടെ മുദ്രപ്പത്രങ്ങളുടെ ലഭ്യതക്കുറവ്‌ വരുമ്പോൾ സാധാരണ ലഭ്യമാകുന്ന കൂടിയ തുകയുടെ പത്രങ്ങളാണ്‌ വാങ്ങേണ്ടി വരുന്നത്‌. ഇതൊഴിവാകും. മുദ്രപ്പത്രത്തിന്റെ പേരിലുള്ള തട്ടിപ്പും തടയാനാകും.   Read on deshabhimani.com

Related News