പന്തളം നഗരസഭ താൽക്കാലിക അധ്യക്ഷന് നേരെയും ബിജെപി
പന്തളം മങ്ങാരത്തെ കുരിശടി വിവാദവും ബി ജെ പി പന്തളം നിയമസഭാ മണ്ഡലം മുൻ ജനറൽ സെക്രട്ടറിയുടെ കോഴയാരോപണവും പന്തളം നഗരസഭാ താൽക്കാലിക അധ്യക്ഷന് ഇരട്ടപ്രഹരമാകുന്നു. താൽക്കാലിക അധ്യക്ഷൻ ബന്നി മാത്യു സെക്രട്ടറിയായ പള്ളിയുടെ കുരിശടി മന്നം ഷുഗർമിൽ റോഡിൽ സ്ഥാപിച്ചതിനെതിരെ ഹിന്ദു ഐക്യവേദി ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി നേടിയതാണ് താൽക്കാലികാധ്യക്ഷന് കടുത്ത ആഘാതമായത്. കുരിശടി പൊളിക്കണമെന്ന പൊല്ലാപ്പിലാണ് താൽക്കാലികാധ്യക്ഷൻ ഇപ്പോൾ. കുരിശടി സ്ഥാപിച്ചതിനെതിരെ ഹിന്ദു ഐക്യവേദി നേരത്തെ നഗരസഭയ്ക്ക് മുമ്പിൽ പ്രതിഷേധയോഗം നടത്തിയിരുന്നു. ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച പള്ളി സെക്രട്ടറി ബന്നി മാത്യുവിനെ ലക്ഷ്യമിട്ടായിരുന്നു അന്നത്തെ പ്രതിഷേധം. ബിജെപി പന്തളം മണ്ഡലം മുൻ പ്രസിഡന്റിന്റെ സ്ഥലം നഗരസഭ കൈയേറിയതിനെതിരെ മണ്ഡലം മുന്‍ ജനറല്‍ സക്രട്ടറി താൽക്കാലിക അധ്യക്ഷനെതിരെ കോഴയാരോപണം നടത്തിയതാണ് പുതിയ ആക്ഷേപം. നഗരസഭ കൈയേറിയ സ്ഥലം വിട്ടുകൊടുക്കാന്‍ മുന്‍ അധ്യക്ഷയും താൽക്കാലിക അധ്യക്ഷനും ചേർന്ന് രണ്ടുലക്ഷം രൂപ കോഴ ചോദിച്ചെന്നാണ് ബിജെപി പന്തളം മണ്ഡലം മുൻ ജനറൽ സെക്രട്ടറി പിയർലസ് ഹരികുമാര്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചത്. ബിജെപി പന്തളം മണ്ഡലം മുൻ പ്രസിഡന്റ് സുധീഷ് കുമാർ കൊട്ടക്കാട്ടിന്റെ സ്ഥലം നഗരസഭ കൈയേറി അവിടെ വേസ്റ്റ് ബിൻ സ്ഥാപിച്ചിരുന്നു. ഇത് ഉടമ നീക്കം ചെയ്തപ്പോൾ നഗരസഭാ അധികൃതർ വീണ്ടും സ്ഥാപിച്ചു. ഈ സ്ഥലം ഒഴിഞ്ഞ് കൊടുക്കാന്‍ മുന്‍ അധ്യക്ഷയും താൽക്കാലിക അധ്യക്ഷനും ചേർന്ന് കോഴ ചോദിച്ചെന്ന ആരോപണമാണ് ഹരികുമാർ ഉന്നയിച്ചത്. ബിജെപി ഭരണത്തിൽ ബിജെപിക്കാർക്ക് പോലും രക്ഷയില്ലെന്നും കുറിപ്പില്‍ പറയുന്നു. സുധീഷ് കുമാർ കോടതിയെ സമീപിച്ച് കഴിഞ്ഞ ദിവസം അനുകൂല വിധി സമ്പാദിച്ച് സ്ഥലത്ത് ഉടമാവകാശത്തിന്റെ പോസ്റ്ററും പതിച്ചു. ഇതോടെ നഗരസഭയിലെ ബിജെപി ഉള്‍പ്പോര് കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പായി. Read on deshabhimani.com