എനിക്കൊരു ട്രീ... കുഞ്ഞാവയ്‌ക്ക് അപ്പൂപ്പൻ മുഖംമൂടി
കോഴഞ്ചേരി "എനിക്ക് ക്രിസ്‌മസ് ട്രീ...പിന്നെ പുൽക്കൂട്, കുഞ്ഞാവയ്‌ക്ക് ക്രിസ്‌മസ് അപ്പൂപ്പൻ മുഖംമൂടി, പിന്നെ റെയിൻ ഡീർ കൊമ്പുള്ള കണ്ണട.' ക്രിസ്‌മസിനൊരുങ്ങിയ കടകളിൽ നോക്കി പിള്ളേര് പറഞ്ഞുതുടങ്ങി. അങ്ങനെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ക്രിസ്‌മസ് വരവായി. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കാൻ നാടും നഗരവും ഒരുങ്ങി. വിവിധ വർണങ്ങളിലെ നക്ഷത്രങ്ങളും അലങ്കാര വിളക്കുകളുംകൊണ്ട് അലങ്കരിച്ച വ്യാപാര ശാലകൾ സജീവമായി. വിപണി ലക്ഷ്യമാക്കി കോഴഞ്ചേരിയിലെ പ്രധാന വ്യാപാരശാലകളിൽ വിവിധ വലുപ്പത്തിലും വർണങ്ങളിലുമുള്ള ക്രിസ്‌മസ് ട്രീയും നക്ഷത്രങ്ങളും പുൽക്കൂടും സാന്താക്ലോസിന്റെ വേഷവും വരെ തയ്യാറായി. വിപണി ലക്ഷ്യമാക്കി വ്യത്യസ്തവും മനോഹരവുമായ ചൈനീസ് ഉൽപ്പന്നങ്ങളാണ് കടകളിലെ ആകർഷണം. എത്ര വില കൊടുത്തും നക്ഷത്രം തൂക്കാനും പുൽക്കൂടൊരുക്കാനും ജനം റെഡി. പള്ളികളിൽ കരോൾ സംഘങ്ങളും സജീവമായി. വിദേശ മലയാളികൾ ഏറെയുള്ള കോഴഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും നിരവധി പേർ വരും ദിവസങ്ങളിൽ ക്രിസ്‌മസ് ആഘോഷിക്കാൻ നാട്ടിലെത്തും. എല്ലാ വർഷംപോലെ ഈ വർഷവും ക്രിസ്‌തുമസ് മുന്നിൽകണ്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടിയത് പലരുടെയും നാട്ടിലേക്കുള്ള യാത്രക്ക് തിരിച്ചടിയാകും. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നുള്ള ആഭ്യന്തര ടിക്കറ്റ് നിരക്കിലും വർധനവുണ്ട്. Read on deshabhimani.com