സ്‌റ്റാമ്പ്‌ എന്നാൽ സുമ്മാവാ...



 പത്തനംതിട്ട സ്റ്റാമ്പ്‌ ശേഖരണം വിനോദമായി കൊണ്ടുനടക്കുന്ന നിരവധിയാളുകളുണ്ട്‌. സ്റ്റാമ്പ്  ശേഖരണത്തെ വെറും വിനോദത്തിനുപരിയായി ജീവിതത്തിന്റെ ഭാഗമാക്കിയ ഒരാളുണ്ട്‌ അടൂരിൽ. അടൂർ ഏഴംകുളം കീപേരിൽ അടൂർ മാത്യു എന്ന കെ കെ മാത്യു. ബിഎസ്‌എൻഎല്ലിൽ നിന്ന്‌ പ്രൈവറ്റ്‌ സെക്രട്ടറിയായി വിരമിച്ച അടൂർ മാത്യുവിന്റെ ശേഖരത്തിൽ 1939 മുതലുള്ള 5,000ലധികം സ്റ്റാമ്പുണ്ട്‌. ബ്രിട്ടീഷ്‌ ഭരണകാലത്തെ സ്റ്റാമ്പുകളും അഞ്ചൽ സ്റ്റാമ്പുകളും തിരുവിതാംകൂറിലെ സ്റ്റാമ്പുകളുമടക്കം ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള തപാൽ സ്റ്റാമ്പുകളുടെ വിലമതിക്കാനാവാത്ത ശേഖരമാണ്‌ മാത്യുവിന്റെ കൈവശമുള്ളത്‌. 1969ൽ പത്താംക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ മാത്യു സ്റ്റാമ്പ്‌ ശേഖരണം ആരംഭിച്ചത്‌. അതേവർഷം തന്നെ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്‌ത്‌ ഇന്ത്യൻ കറൻസിയും നാണയങ്ങളും ഇറങ്ങിയതാണ്‌ ശേഖരണത്തിലേയ്‌ക്ക്‌ നയിച്ചത്‌. തുടർന്ന്‌ ജോലിയിലിരിക്കുമ്പോൾ പല സ്ഥലങ്ങളിൽനിന്ന്‌ കൂടുതലായി സ്റ്റാമ്പ്‌ ശേഖരിച്ചു. 1983 മുതൽ രംഗത്ത്‌ സജീവമായി. ഇപ്പോഴും ലോകത്ത്‌ പുതുതായിറങ്ങുന്ന സ്റ്റാമ്പുകൾ മാത്യു സ്വന്തമാക്കാറുണ്ട്‌. ഇപ്പോൾ ഗാന്ധി സ്റ്റാമ്പുകളിലാണ്‌ കൂടുതൽ ശ്രദ്ധ. ബുദ്ധൻ, തിരുവിതാംകൂർ, കേരള, ഇന്ത്യ ചരിത്രങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന സ്റ്റാമ്പുകളും ശേഖരത്തിലുണ്ട്‌. 1987ൽ ജില്ലയിലാദ്യമായി ഫിലാറ്റലിക്‌ അസോസിയേഷൻ ആരംഭിച്ചത്‌ മാത്യുവിന്റെ കൂടി നേതൃത്വത്തിലാണ്.  പ്രഥമ സെക്രട്ടറിയുമായിരുന്നു. നിലവിൽ ഫിലാറ്റലിക്‌ ആൻഡ്‌ ന്യുമിസ്‌മാറ്റിക്‌ അസോസിയേഷൻ രക്ഷാധികാരിയാണ്‌. സ്റ്റാമ്പ്‌ പ്രദർശനത്തിൽ നിരവധി സംസ്ഥാന, ജില്ലാ പുരസ്‌കാരങ്ങളും സ്വന്തമാക്കി. ഒപ്പം തന്നെ കറൻസി, നാണയശേഖരവും ഇദ്ദേഹത്തിനുണ്ട്‌. 273 രാജ്യങ്ങളുടെ നാണയ, പോളിമർ കറൻസികൾ മാത്യുവിന്റെ പക്കലുണ്ട്‌. Read on deshabhimani.com

Related News