സാവധാനത്തിലും വിശ്രമിച്ചും 
മല കയറണം



പത്തനംതിട്ട ശബരിമല തീർഥാടകർ സാവധാനവും  ഇടയ്ക്കിടക്ക് വിശ്രമിച്ചും വേണം മല കയറാനെന്ന് ആരോ​ഗ്യവകുപ്പ്‌ അറിയിച്ചു. വയറുനിറച്ച് ആഹാരം കഴിച്ചയുടൻ മലകയറരുത്. മല കയറുമ്പോഴുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കാൻ ദർശനത്തിനെത്തുന്നതിന് ദിവസങ്ങൾക്കുമുമ്പേ നടത്തം ഉൾപ്പെടെയുള്ള ലഘുവ്യായാമങ്ങൾ ചെയ്യണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത്. അമിത രക്തസമ്മർദം, പ്രമേഹം, ഹൃദയസംബന്ധ രോഗങ്ങൾ, ആസ്‌ത്‌മ എന്നീ ദീർഘകാല രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ മലകയറും മുമ്പ്  ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. ഹൃദ്രോഗത്തെക്കുറിച്ച് സംശയമുള്ളവരും കുടുംബത്തിലാർക്കെങ്കിലും ഹൃദ്രോഗമുള്ളവരും മല കയറുംമുമ്പ് നിർബന്ധമായും ഹൃദയപരിശോധന നടത്തണമെന്നും ഡിഎംഒ ഡോ. എൽ അനിതാകുമാരി അറിയിച്ചു.  മല കയറുന്നതിനിടെ ക്ഷീണം, തളർച്ച, നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവയുണ്ടായാൽ മലകയറുന്നത് നിർത്തി വൈദ്യസഹായം തേടണം. അടിയന്തിര വൈദ്യസഹായത്തിന് 04735 203232 എന്ന നമ്പരിലേക്ക് വിളിക്കാം. മല കയറാൻ ബുദ്ധിമുട്ടുള്ളവർ നീലിമല ഒഴിവാക്കി സ്വാമി അയ്യപ്പൻ റോഡ് ഉപയോഗിക്കുക. ഹൃദ്രോഗ പരിശോധനയും ചികിത്സയും പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം ആശുപത്രികളിൽ ലഭ്യമാണ്. മല കയറുന്നതിനിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായാൽ ശരണപാതയോരത്ത് പ്രവർത്തിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ (ഇഎംസി) നിന്നും വൈദ്യസഹായം ലഭിക്കും.   നിലവിലെ അസുഖങ്ങളെ സംബന്ധിച്ച ആശുപത്രി രേഖകളും മരുന്നുകളുടെ കുറിപ്പും ആരോഗ്യ ഇൻഷുറൻസ് രേഖകളും കൈയിൽ കരുതണം. Read on deshabhimani.com

Related News