നെഞ്ചേറ്റി നാട്
പത്തനംതിട്ട പ്രഥമ ചലച്ചിത്ര മേളയെ നെഞ്ചിലേറ്റി ചലച്ചിത്ര പ്രേമികൾ. ഭാഷാ ഭേദമില്ലാതെ ക്ലാസിക് ചലച്ചിത്രങ്ങൾ കാണാൻ ആസ്വാദകരെത്തി. വെള്ളിത്തിരയിലെ കാലാതിവർത്തിയായ ആശയാവിഷ്കാരം കാണാൻ ജില്ലയ്ക്കകത്തും പുറത്തും നിന്നെത്തിയ മുതിർന്നവർക്കൊപ്പം കോളേജ് വിദ്യാർഥികളുമുണ്ടായിരുന്നു. ഉദ്ഘാടന ചിത്രമായി ആനന്ദ് ഏകർഷിയുടെ "ആട്ടം' പ്രദർശിപ്പിച്ചു. കുട്ടി സ്രാങ്ക്, റാഷമൺ, കോർട്ട്, ഓളവും തീരവും, ബി 32 മുതൽ 44 വരെ, സ്വരൂപം, ദ ലഞ്ച് ബോക്സ്, മാൻഹോൾ, ടേസ്റ്റ് ഓഫ് ചെറി, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സ്പ്രിംഗ് സമ്മർ ഫോൾ വിന്റർ ആൻഡ് സ്പ്രിങ്, പോംഗ്രനേറ്റ് ഓർചാഡ് എന്നീ സിനിമകളും ആദ്യദിനം കാഴ്ചക്കാർക്ക് മുന്നിലെത്തി. മേള കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ അധ്യക്ഷനായി. സംവിധായകൻ കവിയൂർ ശിവപ്രസാദ് മുഖ്യാതിഥിയായി. മുതിർന്ന സംവിധായകൻ എ മീരാസാഹിബ്, യുവ സംവിധായകൻ അനു പുരുഷോത്ത്, സംഘാടക സമിതി വൈസ് ചെയർമാൻ എ ജാസിംകുട്ടി, കൺവീനർ എം എസ് സുരേഷ്, ഫെസ്റ്റിവൽ ഡയറക്ടർ രഘുനാഥൻ ഉണ്ണിത്താൻ, ഡെലിഗേറ്റ് കമ്മിറ്റി കൺവീനർ എ ഗോകുലേന്ദ്രൻ, ലോഗോ ഡിസൈനർ അസ്‌ലം തിരൂർ, മെമ്പർ സെക്രട്ടറി സുധീർ രാജ് എന്നിവർ സംസാരിച്ചു. Read on deshabhimani.com