പേര്‌ 
മലയാലപ്പുഴയ്ക്ക്‌ സ്വന്തം

മലയാലപ്പുഴ ഹോക്കി അക്കാദമിയിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ


കോന്നി ഒളിമ്പിക്‌സിലെ വെങ്കലമെഡൽ നേട്ടത്തോടെ ഇന്ത്യൻ ഹോക്കി ടീമും മലയാളി താരം ഗോൾകീപ്പർ പി ആർ ശ്രീജേഷും ലോകമെമ്പാടും വാർത്തകളിൽ നിറയുകയാണ്‌. എന്നാൽ വർഷങ്ങൾക്ക്‌ മുമ്പ്‌ ഓരോ കുടുംബത്തിലെ ഒരാളെങ്കിലും ഹോക്കി സ്‌റ്റിക്കിൽ കൈവച്ചിട്ടുള്ള ഗ്രാമം കേരളത്തിലുണ്ടെന്ന്‌ പറഞ്ഞാൽ പുതുതലമുറ തെല്ല്‌ ആശ്‌ചര്യപ്പെടും. ഹോക്കി ഗ്രാമമെന്ന്‌ ഓമനപ്പേരിട്ട്‌ വിളിക്കുന്ന പത്തനംതിട്ടയിലെ മലയാലപ്പുഴ ഗ്രാമമാണ്‌ ഹോക്കിക്ക്‌ നിരവധി പ്രതിഭകളെ ദേശീയ അന്തർദേശീയ തലത്തിൽ എത്തിച്ചത്‌. ഇന്ത്യൻ കുപ്പായമണിഞ്ഞ് ഏലിയാമ്മ മാത്യു, ഇന്റർ യൂണിവേഴ്സിറ്റി ദേശീയ ചാമ്പ്യൻഷിപ്പ് ജയിച്ച ടീം ക്യാപ്റ്റൻ ആയിരുന്ന കെ സുലേഖ ബിന്ദു, സർവീസ് ടീം അംഗം ഗോകുൽ രാജ്,  കേരള പൊലീസ് താരം ഷേർലി മലയാലപ്പുഴ തുടങ്ങിയവർ ഹോക്കി ചരിത്രത്തിലെ പൊൻ താരങ്ങളാണ്. 1979ൽ മലയാലപ്പുഴ എസ്എൻഡിപി സ്കൂളിൽ തുടങ്ങിയതാണ് മലയാലപ്പുഴയുടെ ഹോക്കി പാരമ്പര്യം. ഈ സ്കൂളിലെ കായിക അധ്യാപകരായ പി കെ രവീന്ദ്രൻ, പീതാംബരൻ എന്നിവർ ഇതിൽ മുഖ്യപങ്ക് വഹിച്ചു.  ഒരുകാലത്ത്  സംസ്ഥാന വനിതാ ടീമിൽ ഒരേ സമയം  ഒമ്പത്‌ മലയാലപ്പുഴക്കാർ വരെ കളിച്ച ചരിത്രം ഉണ്ട്.  കേരളത്തിലെ ആദ്യത്തെ ഹോക്കി അക്കാദമി മലയാലപ്പുഴയിൽ ആണ് തുടങ്ങിയത്.  സംസ്ഥാന താരമായിരുന്നു കെ കെ സോമരാജൻ അന്നത്തെ ഹോക്കി അസോസിയേഷൻ ഭാരവാഹികളായിരുന്ന കെ അനിൽകുമാർ, മലയാലപ്പുഴ മോഹനൻ, എൻ പി ഗോപാലകൃഷ്ണൻ, ജ്യോതിഷ്കുമാർ മലയാലപ്പുഴ എന്നിവരായിരുന്നു അന്ന് അമരത്ത്. നിലവിൽ മലയാലപ്പുഴ മോഹനൻ പ്രസിഡന്റും അമൃത് സോമരാജൻ സെക്രട്ടറിയും ആണ്. മലയാലപ്പുഴ പൊതിപ്പാട് എസ്എൻഡിപി യുപി സ്കൂളിലെ ഈ ഹോക്കി കളരിയിലൂടെയാണ്‌ ഭാവിതാരങ്ങൾ ഹോക്കി സ്‌റ്റിക്ക്‌ ഏന്തുന്നത്‌. രാജ്യാന്തര രംഗത്തെ പ്രമുഖർ ഇവിടെ പരിശീലകരായി എത്തിയിട്ടുണ്ട്‌.  ഇടക്കാലത്ത്‌ താൽപ്പര്യം കുറഞ്ഞ്‌ പോയ ഹോക്കിയെ  പഴയ പ്രതാപത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്‌ ഭാരവാഹികൾ. ഇതിന്റെ വിജയമെന്നോണം പുതിയ ജില്ലാ ടീമിൽ അക്കാദമിയിലെ എട്ട്‌ അംഗങ്ങളാണ്‌ സെലക്ഷൻ നേടിയത്‌. Read on deshabhimani.com

Related News