കഴിവ് വളർത്തി 
മുന്നേറാം



പത്തനംതിട്ട സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്‌ സമഗ്ര ശിക്ഷ കേരള  മുഖേന യുവാക്കളിൽ തൊഴിൽ വൈദഗ്‌ധ്യം ഉറപ്പാക്കാൻ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കൂടുതൽ നൈപുണ്യവികസന കേന്ദ്രങ്ങൾ കൂടി. വിദ്യാർഥികളിൽ അഭിരുചിക്കനുസരിച്ച്‌ അറിവും നൈപുണ്യവും നൽകുന്ന പദ്ധതിയുടെ ഭാഗമായാണ്‌ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്‌.  23 വയസ്സിന്‌ താഴെയുള്ള യുവജനങ്ങളുടെ നൈപുണ്യ വിദ്യാഭ്യാസം പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നു. ജില്ലയിൽ ഒരു കേന്ദ്രം പൈലറ്റ്‌ പദ്ധതിയായി ആരംഭിച്ചിരുന്നു. ഇതിനുപുറമെ 12 പുതിയ കേന്ദ്രങ്ങൾ കൂടിയാണ്‌ ആരംഭിക്കുന്നത്‌. 12 കേന്ദ്രങ്ങളിലും രണ്ടുവീതം കോഴ്‌സുകൾ പുതുതായി ആരംഭിക്കും. നവംബർ ഒന്നുമുതൽ പുതിയ കേന്ദ്രങ്ങളിൽ പരിശീലനം ആരംഭിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. സർക്കാർ സെക്കൻഡറി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ്‌ കേന്ദ്രങ്ങളാരംഭിക്കുന്നത്‌. 25 കുട്ടികൾ വീതമുള്ള ഒരു വർഷം ദൈർഘ്യമുള്ള രണ്ട്‌ ബാച്ചുകളും ഒരോ കേന്ദ്രത്തിലുമുണ്ടാകും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലുമാണ്‌ പരിശീലനം. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ 2023–-24 അധ്യയന വർഷത്തിൽ ആദ്യ നൈപുണ്യവികസന കേന്ദ്രം ആറന്മുള ജി വി എച്ച്‌എസ്‌എസ്സിൽ ആരംഭിച്ചിരുന്നു. ഇവിടെ ആദ്യ ബാച്ച്‌ വിദ്യാർഥികൾ പരിശീലനം പൂർത്തിയാക്കി ഉടൻ പുറത്തിറങ്ങും. ഡ്രോൺ സർവീസ്‌ ടെക്‌നീഷ്യൻ, ഇലക്‌ട്രിക്‌ വെഹിക്കിൾ സർവീസ്‌ ടെക്‌നീഷ്യൻ എന്നിവയിലാണ്‌ പരിശീലനം പൂർത്തിയാക്കുന്നത്‌. നൈപുണ്യ കേന്ദ്രം ആരംഭിക്കാൻ 21.5 ലക്ഷം രൂപ സംസ്ഥാന സർക്കാർ 2022–-23ൽ തന്നെ സ്‌കൂളുകൾക്ക്‌ കൈമാറിയിരുന്നു. 11.5 ലക്ഷം അടിസ്ഥാനസൗകര്യ വികസനത്തിനും 10 ലക്ഷം പരിശീലകർക്കുള്ള വേതനം, മറ്റു ചെലവുകൾക്കുമായാണ് നൽകിയത്‌. ഇതിനുപുറമെ കീഴ്‌വായ്‌പൂർ ജിവി എച്ച്‌എസ്‌എസ്‌, കോയിപ്രം ജിഎച്ച്‌എസ്‌എസ്‌, കടപ്ര കെഎസ്‌ജി എച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളിൽ രണ്ട്‌ ലാബുകളും ഓഫീസ്‌ മുറിയുമടങ്ങിയ കെട്ടിടവും നിർമിക്കും. 35 ലക്ഷം രൂപ വീതം ചെലവ്‌ വരുന്ന മൂന്ന്‌ കെട്ടിടങ്ങളാണ്‌ നിർമിക്കുക. നിർമാണത്തിന്റെ കരാറുൾപ്പെടെ നൽകി. ഉടൻ നിർമാണം ആരംഭിക്കും. Read on deshabhimani.com

Related News