കെഎസ്ആര്‍ടിസി ഒരുങ്ങി
പത്തനംതിട്ട മണ്ഡല, മകരവിളക്ക് ഉത്സവം പ്രമാണിച്ച് കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് 14ന് രാവിലെ മുതൽ പമ്പയിലേക്ക് സർവീസ് ആരംഭിക്കും. ഇതിന് മുന്നോടിയായി 25 വണ്ടികൾ അധികമായി പത്തനംതിട്ടയിൽ എത്തി. പമ്പ– നിലയ്ക്കൽ ചെയിന്‍ സർവീസിന് 250 ബസ്സുകൾ ആദ്യഘട്ടത്തിലെത്തും. 14ന് വൈകിട്ടോടെ ഇവയെത്തും. എസി, നോൺ എസി, ലോ ഫ്ലോർ ബസുകളാകും കൂടുതലും ചെയിന്‍ സർവീസിന് ഉപയോഗിക്കുക. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തും. കെഎസ്ആർടിസിയുടെ താൽക്കാലിക ഡിപ്പോ പമ്പയില്‍ പ്രവർത്തനം തുടങ്ങി. ഏകദേശം 500ലധികം കെഎസ്ആർടിസി ജീവനക്കാരാണ് ഈ സീസണില്‍ ദിവസവും പമ്പയിലും നിലയ്ക്കലുമായി ഉണ്ടാവുക. പത്തനംതിട്ട ഡിപ്പോയിൽ 14 മുതൽ തീര്‍ഥാടകര്‍ക്കായി പ്രത്യേക ഹെല്‍പ്പ് ഡെസ്കും പ്രവര്‍ത്തിക്കും. ചെങ്ങന്നൂരിൽ 70 ബസുകൾ പ്രത്യേകമായി തീർഥാടകർക്കായി ഒരുക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാകും ഇവയുടെ സർവീസ്. ഇതിനുപുറമേ നാൽപ്പതംഗ തീർഥാടക സംഘം ഉണ്ടെങ്കിൽ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തുനിന്നും തീർഥാടകരെ ബസില്‍ കയറ്റി പമ്പയിലേക്ക് കൊണ്ടുപോകുന്ന സംവിധാനവും കെഎസ്ആർടിസി ഏർപ്പെടുത്തി. ദീര്‍ഘദൂര ബസുകള്‍ പമ്പ വരെ സര്‍വീസ് നടത്തും. പമ്പയില്‍ നിന്ന് ദൂരസ്ഥലങ്ങളിലേക്കുള്ള ബസ് ലഭിക്കും. ത്രിവേണി കേന്ദ്രീകരിച്ചാകും സര്‍വീസ് നടത്തുക. അവിടെ നിന്ന് തന്നെ യാത്രക്കാര്‍ നിറഞ്ഞാല്‍ നിലയ്ക്കലില്‍ കയറാതെ ബസ് നേരെ പോകും. നിലയ്ക്കലിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇത് ഏറെ സഹായിക്കും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ തീരുമാനം. തീർഥാടകരും ഇത് ദീര്‍ഘനാളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. തിരക്ക് കൂടുന്നതനുസരിച്ച് അടുത്ത സംസ്ഥാനങ്ങളില്‍ നിന്നും പമ്പയിലേക്ക് സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് ആലോചനയുണ്ട്. Read on deshabhimani.com