പമ്പാവാലിക്കും ശബരിമല വാര്‍ഡിനും ആശ്വാസം
പമ്പാവാലി പരിസ്ഥിതി ദുര്‍ബല പ്രദേശ പരിധിയിൽ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ സമ്മര്‍ദം ഫലം കാണുന്നു. ജില്ലയിൽ പമ്പാവാലിയും ശബരിമല ഉൾപ്പെടെയുള്ള പ്രദേശങ്ങളെയും കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഇഎസ്എ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത് ജനങ്ങളില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ വ്യക്തമായ രേഖകളോടെ കേന്ദ്രസർക്കാരിനെ സമീപിച്ചു. സംസ്ഥാനത്തിന്റെ വാദം കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചു. കേന്ദ്ര വന്യജീവി ബോര്‍ഡംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ച് പ്രദേശങ്ങളെ ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ നടപടി കൈക്കൊള്ളുമെന്നാണ് അറിയുന്നത്. കേന്ദ്രത്തിന്റെ ഇഎസ്എ ലിസ്റ്റ് വന്നയുടന്‍ ശക്തമായ ജനകീയ രോഷം ഇതിനെതിരെ ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരും വനം വകുപ്പും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. സംസ്ഥാന വനംവകുപ്പും ഇതിനെതിരെ നിലപാട് കൈക്കൊണ്ടു. ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രദേശത്തെ തദ്ദേശസ്ഥാപനവും സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് പ്രാഥമിക ലിസ്റ്റ് വന്നപ്പോഴും ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന ഒരു നീക്കത്തിനും കൂട്ടുനില്‍ക്കില്ലെന്നും ജന ജീവിതത്തിനും കാര്‍ഷിക വൃത്തിക്കും പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്ന നടപടിമാത്രമെ കൈക്കൊള്ളുവെന്നും എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സിപിഐ എം നേതൃത്വത്തില്‍ കേന്ദ്ര നടപടികള്‍ക്കെതിരെ ജനകീയ പ്രക്ഷോഭത്തിനും തുടക്കം കുറിച്ചു. പ്രദേശത്തെ പ്രതിനിധീകരിക്കുന്ന അഡ്വ. കെ യു ജനീഷ്കുമാര്‍, പ്രമോദ് നാരായണ്‍ എന്നീ എംഎല്‍എമാരും ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നു. വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തി സംസ്ഥാന സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനാണ് വലതുപക്ഷ രാഷ്ട്രീയ പാര്‍ടികളും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിച്ചത്. പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ച് കേന്ദ്ര ശ്രദ്ധയില്‍ കൊണ്ടുവരേണ്ട സ്ഥലം എംപിയും സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരം തിരിച്ചുവിടാനാണ് തുടക്കം മുതലേ ശ്രമിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ഇത് ആളിക്കത്തിക്കാനും ശ്രമിച്ചു. എന്നാല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ വിഷയത്തില്‍ മിണ്ടാട്ടം ഇല്ലാതെയുമായി. Read on deshabhimani.com