ഉയരം കൂടുന്തോറും
കോഴഞ്ചേരി ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടാകും. ആ ലക്ഷ്യത്തിൽ എത്തിച്ചേർന്നാൽ അടുത്ത യാത്രയ്ക്കുള്ള ഒരുക്കം തുടങ്ങിയിരിക്കും. യാത്രകൾ കോശിക്കുഞ്ഞ് എന്ന യാത്രികന് ദിനചര്യപോലെയാണ്. ഇരവിപേരൂർ ശങ്കരമംഗലം മെഴുവേലിൽ വീട്ടിൽ കോശിക്കുഞ്ഞ് എന്ന എബ്രഹാം ഇന്ത്യയിലെ ആറു പർവതങ്ങൾ ഇതിനകം കീഴടക്കി. എല്ലായാത്രയിലും കൂട്ടായി ഭാര്യയും മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ബീന എലിസബത്ത് ജോണും കൂടെയുണ്ട്. കഴിഞ്ഞ മെയ് 20ന് പതിനഞ്ചു ദിവസമെടുത്ത യാത്രയിലൂടെ 17,346 അടി ഉയരമുള്ള ഹിമാചൽ പ്രദേശിലെ "ഫ്രണ്ട്ഷിപ്പ് പീക്ക്’ (പീർ പഞ്ചാൽ റേഞ്ച്) കൊടുമുടി കീഴടക്കി അപൂർവ നേട്ടത്തിന് ഉടമകളായി കോശിക്കുഞ്ഞ്– ബീന ദമ്പതികൾ. ദുർഘടമായ പാതയിലൂടെയാണ് ഫ്രണ്ട്ഷിപ്പ് പീക്ക് കീഴടക്കാനായത്. യാത്രാ മധ്യേയുള്ള നദികൾ മറികടക്കാൻ നദിക്ക് കുറുകെ കെട്ടിയ വടത്തിലൂടെ സാഹസികമായി തൂങ്ങിയാണ് മറുകരയെത്തിയത്. കേന്ദ്ര സർക്കാർ അംഗീകൃത മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ടായ പൂനയിലെ ജിജിഐഎം ഇൻസ്റ്റിറ്റ്യൂട്ട് പർവ്വതാരോഹകർക്കായി നൽകുന്ന "ഹൈ അൾട്ടിട്യൂഡ് മൗണ്ടനീറിങ് സർട്ടിഫിക്കറ്റ്’ ലഭിക്കുന്ന ഇന്ത്യയിലെ പ്രായംകൂടിയ ദമ്പതികളാണ് ഇവർ. സാധാരണ 35 വയസ്സുവരെയുള്ളവർക്കാണ് ഈ സർട്ടിഫിക്കറ്റ് ലഭിക്കുക. എന്നാൽ 58 ഉം 55 ഉം വയസ്സുള്ള ദമ്പതികളുടെ മുൻപരിചയവും കടുത്ത പരിശീലനവും കാരണം പ്രായം ഒരു തടസ്സമായില്ല. ജൂൺ രണ്ടിന് ദമ്പതികൾ ഉൾപ്പെടെയുള്ളവർ പർവ്വതാരോഹണം നടത്തുന്ന സമയത്തുണ്ടായ അപകടത്തിലാണ് കർണാടകയിൽ നിന്നുള്ള ഒമ്പത് പർവ്വതാരോഹകർ മരിച്ചത്. കോശിക്കുഞ്ഞ് ആദ്യമായി യാത്ര തുടങ്ങുന്നത് 1992ലാണ്. ചരക്ക് ലോറിയിൽ ഉദയ്‌പൂർവരെയുള്ള 18 ദിവസത്തെ യാത്രയായിരുന്നു അത്. 2017 ജൂണിലാണ് ഭാര്യയോടൊപ്പം 15,500 അടി ഉയരമുള്ള ആദി കൈലാസ യാത്ര നടത്തിയത് . 2018ലാണ് പുഷ്‌പങ്ങളുടെ താഴ്‌വര എന്നറിയപ്പെടുന്ന "വാലി ഓഫ് ഫ്ലവർ’ കൊടുമുടിയും 14,400 അടി ഉയരമുള്ള ഹേം കുണ്ഡ് സാഹിബ് കൊടുമുടിയും കയറിയത്. ഈ യാത്രയിലും ഭാര്യയും 14 വയസ്സുള്ള ഇളയ മകനുമുണ്ടായിരുന്നു. അന്നപൂർണ സർക്യൂട്ട്, ശ്രീകണ്ട് മഹാദേവ് കൈലാസം, അഗസ്ത്യകൂടം എന്നിവയും കയറി. ആദി കൈലാസ യാത്രയും ഫ്രണ്ട്ഷിപ്പ് പീക്കും ഒഴികെയുള്ള എല്ലാ യാത്രയും ദമ്പതികൾ തനിച്ചാണ് പോയത്. യാത്രയെ സ്നേഹിക്കുന്ന കോശിക്കുഞ്ഞ് ഒരു മെക്കാനിക്കൽ എൻജിനീയർ ആണെങ്കിലും നല്ലൊരു കർഷകൻ കൂടിയാണ്. ഏലം, ഓറഞ്ച്, മുസംബി, അവക്കാഡോ തുടങ്ങിയ കൃഷികൾ വിപുലമായി ചെയ്യുന്നു. ആരോൺ, ബെന്യാമിൻ, ക്രിസ് എന്നിവർ മക്കളാണ്. ഇവരുടെ കട്ട സപ്പോർട്ടിലാണ് കോശിക്കുഞ്ഞിന്റെയും ബീനയുടെയും ഓരോ യാത്രയും. ചില യാത്രകളിൽ ഇവരും ഒപ്പം കൂടും. Read on deshabhimani.com