തിരുവല്ലത്തെ അമ്പലക്കള്ളൻ 
പൊലീസിന്റെ പിടിയിൽ



തിരുവല്ല  വർഷങ്ങളായി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയിരുന്ന തിരുവല്ലത്തെ അമ്പലക്കള്ളൻ തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് വീട്ടിൽ തിരുവല്ലം ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷണൻ ( 52 ) ആണ് അറസ്റ്റിലായത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തിരുവല്ല കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ നിന്നും കഴിഞ്ഞ 17ന് രാത്രി നാല് ലക്ഷത്തോളം രൂപ വില വരുന്ന ഓട്ടു വിളക്കുകളും, ശീവേലി കുടങ്ങളും അടക്കം ഇയാൾ കവർന്നിരുന്നു. സമീപത്തു നിന്നും ലഭിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി കഴിഞ്ഞ 21 ദിവസമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.     ക്ഷേത്രത്തിന്റെ മുൻവശത്ത് കാർ നിർത്തിയ ശേഷം ക്ഷേത്ര മതിൽ ചാടി കടന്ന് പ്രധാന വാതിലിന്റെ താഴ് തകർത്ത് സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും ക്ഷേത്ര ശ്രീകോവിന് മുമ്പിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ വിളക്കും, ചുറ്റുവിളക്കുകളും കവരുകയായിരുന്നു.       നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ ഉണ്ണികൃഷ്ണൻ സഞ്ചരിച്ച കാർ കണ്ടെത്തി. പ്രത്യേക അന്വേഷക സംഘം സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ട് പ്രതിയെ പിടികൂടിയത്‌. ഇതിനിടെ അന്വേഷക സംഘത്തിലുണ്ടായിരുന്ന പി അഖിലേഷ്, എം എസ് മനോജ് കുമാർ എന്നിവർക്ക് പരിക്കേറ്റു. ഡിവൈഎസ്‌പി എസ് ആഷാദിന്റെ നിർദേശപ്രകാരം സിഐ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി അഖിലേഷ്, എം എസ് മനോജ് കുമാർ, വി അവിനാഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നിന്ന്‌ തൊണ്ടി മുതൽ കണ്ടെടുത്തിട്ടുണ്ട്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News