വയനാട്‌ ദുരന്തത്തിൽപ്പെട്ടവരുടെ 
വിദ്യാഭ്യാസ വായ്‌പ എഴുതി തള്ളണം



പത്തനംതിട്ട വയനാട്‌ ദുരന്തവുമായി ബന്ധപ്പെട്ട്‌ ഒറ്റപ്പെട്ട്‌ കഴിയുന്ന മുഴുവൻ വിദ്യാർഥികളുടെയും തുടർന്നുള്ള പഠനം ഉറപ്പാക്കാൻ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ എസ്‌എഫ്‌ഐ 36–-ാമത്‌ ജില്ലാ സമ്മേളനം സർക്കാരിനോട്‌ ആവശ്യപ്പെട്ടു. ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട നിരവധി വിദ്യാർഥികൾ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി കഴിയുന്നുണ്ട്‌. ഇവരുടെ വിദ്യാഭ്യാസ വായ്‌പകൾ എഴുതി തള്ളണം. ജില്ലയിലെ ഏക ഗവ. ആർട്‌സ്‌ കോളേജായ ഇലന്തൂർ ഗവ. ആർട്‌സ് കോളേജിന്റെ നിർമാണവും സീതത്തോട്‌ നഴ്‌സിങ്‌ കോളേജിന്റെ നിർമാണവും അടിയന്തരമായി പൂർത്തിയാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.     സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്‌ച പൊതുചർച്ചയുടെ തുടർച്ചയോടെയാണ്‌ ആരംഭിച്ചത്‌. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക്‌ ജില്ല സെക്രട്ടറി കെ എസ്‌ അമലും സംഘടന റിപ്പോർട്ടിൻ മേലുള്ള ചർച്ചയ്‌ക്ക്‌ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീയും മറുപടി പറഞ്ഞു. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഇ അഫ്‌സൽ, സെക്രട്ടറിയറ്റംഗങ്ങളായ വൈഷ്‌ണവ്‌ മഹീന്ദ്രൻ, ബിപിൻരാജ്‌ പായം, യു സരിത, അമൽ ഏബ്രഹാം എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ഡെൽവിൻ കെ വർഗീസ്‌ നന്ദി പറഞ്ഞു.    അനന്ദു മധുവിനെ പ്രസിഡന്റായും കെ എസ്‌ അമലിനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. എം കിരൺ , പി അപർണ, ഹരികൃഷ്ണൻ (വൈസ്‌ പ്രസിഡന്റ്‌), അജിൻ തായില്യം, അയിഷ മിന്നു സലിം, ജോയേഷ് പോത്തൻ (ജോയിന്റ്‌ സെക്രട്ടറി), ജോയൽ ജയകുമാർ,  പ്രണവ് ജയകുമാർ, സാന്ദ്ര റെജി, അർജുൻ എസ് അച്ചു, ഡെൽവിൻ കെ വർഗീസ് (സെക്രട്ടറിയറ്റ്‌ അംഗങ്ങൾ) എന്നിവരടങ്ങുന്ന 45 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. സംസ്ഥാന സമ്മേളന പ്രതിനിധികളായി 22 പേരെയും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News