ഈറ്റത്തൊഴിലാളികൾ ദുരിതത്തിൽ



കോന്നി വനപാലകരുടെ അനാസ്ഥയെ തുടർന്ന്‌ ഈറ്റ വ്യവസായവുമായി ബന്ധപ്പെട്ട നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾ മാസങ്ങളായി പട്ടിണിയിൽ. വനം വകുപ്പിന്റെ അനാസ്ഥയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ബാംബു കോർപ്പറേഷൻ അധികൃതർ പറയുന്നു. വനം വകുപ്പ്‌ അഞ്ചുവർഷത്തെ വർക്ക് പ്ലാൻ തയ്യാറാക്കിയാണ് ഒരോ വർഷവും റാന്നി, ആങ്ങമൂഴി, ഗൂഡ്രിക്കൽ, വടശേരിക്കര  റേഞ്ചുകളിലെ വനങ്ങളിൽനിന്നും ഈറ്റ വെട്ടാൻ അനുമതി നൽകുന്നത്. കാലാവധി കഴിഞ്ഞതോടെ പുതിയ വർക്ക് പ്ലാൻ തയ്യാറാക്കാൻ വനം വകുപ്പ് അനാസ്ഥ കാട്ടുന്നു. ഇതുമൂലം വനങ്ങളിൽ വൻതോതിൽ ഈറ്റ ശേഖരം ഉണ്ടെങ്കിലും ഇവ മുറിക്കാൻ കഴിയാതായി. ഇതാണ്‌  പ്രതിസന്ധിയ്ക്ക് കാരണം. വർക്ക് പ്ലാൻ കാലാവധി കഴിഞ്ഞാൽ മാനേജ്മെന്റ്‌ പ്ലാൻ തയ്യാറാക്കി അനുമതി നൽകിയാൽ കോർപ്പറേഷന് ഈറ്റ ശേഖരിക്കാനാവും. ഇതിന് കേന്ദ്ര വനമന്ത്രാലയത്തിന്റെ  അനുമതി വേണം. സമ്മർദത്തെ തുടർന്ന്   പ്ലാൻ അനുമതിയ്ക്കായി സമർപ്പിച്ചതായി  വനംവകുപ്പ് പറയുന്നു. ബാംബു കോർപ്പറേഷന്റെ ജില്ലയിലെ ഡിപ്പോകൾ ഈറ്റയെത്താത്തതിനാൽ മാസങ്ങളായി പ്രവർത്തിക്കുന്നില്ല. കോർപ്പറേഷന്റെ പത്തനംതിട്ട ഡിവിഷനുകീഴിൽ ചന്ദനപ്പള്ളി (പൂങ്കാവ്), തോലുഴം, ശാസ്താംകോട്ട, താമരക്കുളം എന്നീ നാല് ഈറ്റ ഡിപ്പോകളാണ് പ്രവർത്തിക്കുന്നത്. ലാഭകരമായി പ്രവർത്തിച്ച ഈ ഡിപ്പോകളിൽ   അഞ്ച് മാസമായി ഈറ്റയെത്തുന്നില്ല. വനങ്ങളിൽ നിന്നും ഈറ്റ മുറിക്കുന്നവർ, ഇവയുടെ കയറ്റിറക്ക് തുടങ്ങിയ ജോലികളിൽ ഏർപ്പെട്ട തൊഴിലാളികൾക്കും പണിയില്ലാതായി. ചന്ദനപ്പള്ളി (പൂങ്കാവ് ) ഡിപ്പോ ജില്ലയിലെ എ ക്ലാസ് ഡിപ്പോയാണ്. മുന്തിയ ഇനം ഈറ്റയാണ് പൂങ്കാവിൽ ലഭിച്ചിരുന്നത്. ആവശ്യക്കാരും ഏറെ. ജില്ലയ്ക്ക് പുറത്തുനിന്ന് വരെ ആളുകൾ ഇവിടെയെത്തി ഈറ്റ ശേഖരിച്ചിരുന്നു. പൂങ്കാവിലെ ചന്ത ദിവസമായ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഇവിടെ ഈറ്റവ്യാപാരം നടന്നിരുന്നത്. പന്തളം, മാവേലിക്കര ,അടൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നടക്കം നിരവധി ആളുകൾ ഇപ്പോഴും ഇവിടെ എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുന്നു. ഇവിടുത്തെ ദിവസവേതന തൊഴിലാളികളും മറ്റ് ജോലികൾ തേടി പോയി. കുടിൽ വ്യവസായവും പ്രതിസന്ധിയിൽ  കുട്ട, വട്ടി, പരമ്പ്, കൂടകൾ, വിവിധ കരകൗശല വസ്തുകൾ തുടങ്ങിയവ നിർമിച്ച് ഉപജീവനം നടത്തുന്ന പരമ്പരാഗത കുടിൽ വ്യവസായ തൊഴിലാളികളും ദുരിതത്തിലാണ്. ഈ​റ്റ ലഭ്യമല്ലാതായതോടെ മിക്ക കുടുംബങ്ങളുടെ സ്ഥിതിയും ദയനീയം. പരമ്പരാഗതമായി ഈ​റ്റ ഉൽപ്പന്ന നിർമാണം മാത്രം ചെയ്‌തതിനാൽ മിക്കവർക്കും മ​റ്റ് തൊഴിലും അറിയില്ല.  Read on deshabhimani.com

Related News