കടപ്ര –- വീയപുരം ലിങ്ക് ഹൈവേ യാഥാര്‍ഥ്യമാകുന്നു



തിരുവല്ല കടപ്ര –- വീയപുരം റോഡ് ഒന്നാംഘട്ടം നിർമാണത്തിന് മന്ത്രിസഭയുടെ  അംഗീകാരം.  നിരണം, കടപ്ര പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതും പത്തനംതിട്ട,  ആലപ്പുഴ ജില്ലകളെ   ബന്ധിപ്പിക്കുന്നതുമായ  കടപ്ര –- വീയപുരം റോഡിന് 2023–-24 വർഷത്തെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു.  മന്ത്രിസഭയുടെ അം​ഗീകാരം കൂടി ലഭിച്ചതോടെ നിര്‍മാണത്തിനുള്ള എല്ലാ തടസ്സവും നീങ്ങിയതായി  മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.   വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ റോഡ് ഉയർത്തി ജല നിർഗമന മാർ​ഗങ്ങൾ ഉറപ്പ് വരുത്തിയാണ് നിര്‍മിക്കുന്നത്. നിര്‍മാണം  ഉന്നതനിലവാരത്തിൽ ചെയ്യുന്നതിനാൽ കടപ്ര മുതൽ മുണ്ടനാരി വരെയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതിയും ലഭിച്ചു. രണ്ടു തവണ ടെണ്ടർ ചെയ്തെങ്കിലും, ആരും പ്രതികരിച്ചില്ല. തുടര്‍ന്ന്  വീണ്ടും ടെണ്ടർ ചെയ്തപ്പോൾ ഊരാളുങ്കൽ ലേബർ സൊസൈറ്റി 19 ശതമാനം അധികരിച്ച തുകയ്ക്ക് ക്വോട്ട് ചെയ്തിരുന്നു.   തുക കൂടുതലായതിനാൽ  സർക്കാരിന്റെ അംഗീകാരം വേണ്ടി വന്നു.  കടപ്ര മുതൽ മുണ്ടനാരി വരെയുള്ള ഭാഗത്താണ് ഒന്നാംഘട്ടത്തിലെ നിർമാണം നടക്കുക. ബലക്ഷയമുള്ള കലുങ്കുകൾ പുനർനിർമിക്കുക,ആവശ്യമുള്ളയിടങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുക, റോഡ് ഉയർത്തി ഉന്നത നിലവാരത്തിൽ ബിഎം ബിസി ടാറിങ്  നടത്തുക എന്നിവയാണ്  നിര്‍മാണത്തില്‍ ഉൾപ്പെട്ടിട്ടുള്ളത്. ടെൻഡറിന് സർക്കാരിന്റെ അനുമതി ലഭിച്ചതിനാൽ ഉടൻ പണി  ആരംഭിക്കുവാൻ കഴിയുമെന്നും രണ്ടാംഘട്ടത്തിന്റെ സാങ്കേതികാനുമതി സംബന്ധിച്ച നടപടി  വേഗത്തിൽ നടക്കുന്നതായും എംഎൽഎ അറിയിച്ചു. Read on deshabhimani.com

Related News