പ്ലസ്‌ വൺ പ്രവേശനം; 4,079 സീറ്റ്‌ ബാക്കി



പത്തനംതിട്ട ഹയർസെക്കൻഡറി വിഭാഗം ഒന്നാം വർഷ പ്രവേശനം പൂർത്തിയായപ്പോൾ ജില്ലയിൽ സീറ്റുകൾ ഒഴിഞ്ഞ്‌ തന്നെ. 4,079 സീറ്റുകളാണ്‌ പ്രവേശനം പൂർത്തിയായപ്പോഴും ബാക്കി കിടക്കുന്നത്‌. ആകെ 14,702 പ്ലസ്‌ വൺ സീറ്റുകളാണ്‌ ഉണ്ടായിരുന്നത്‌. ഇതിൽ 10,623 പേർക്കാണ്‌ പ്രവേശനം ലഭിച്ചത്‌. സർക്കാർ സ്‌കൂളുകളിൽ 4,050 സീറ്റുകളാണ്‌ ആകെയുണ്ടായിരുന്നത്‌. ഇതിൽ 2,733 സീറ്റിൽ പ്രവേശനം നടന്നു. 1,317 സീറ്റ്‌ ബാക്കിയാണ്‌. എയ്‌ഡഡ്‌ മേലയിൽ 8,750 സീറ്റാണുണ്ടായിരുന്നത്‌. ഇതിൽ 7,345 സീറ്റിൽ പ്രവേശനം നടന്നു. 1,405 സീറ്റ്‌ ഈ മേഖലയിൽ അവശേഷിക്കുന്നു. അൺ എയ്‌ഡഡ്‌ മേഖലയിൽ ആകെയുണ്ടായിരുന്ന 1,902ൽ 545 സീറ്റിൽ മാത്രമാണ്‌ വിദ്യാർഥികൾ പ്രവേശനം നേടിയത്‌. ഇവിടെ 1,357 സീറ്റും ഒഴിഞ്ഞ്‌ കിടക്കുന്നു. പ്ലസ്‌വൺ പ്രവേശനം ആഗ്രഹിക്കുന്ന ഒരു വിദ്യാർഥിക്കും സീറ്റ്‌ ലഭിക്കാത്ത സാഹചര്യമുണ്ടാകില്ലെന്ന്‌ സർക്കാർ ഉറപ്പാക്കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ മുൻവർഷത്തെ അധിക ബാച്ച് തുടരുകയും പുതുതായി താൽക്കാലിക ബാച്ച് അനുവദിക്കുകയും ചെയ്‌തിരുന്നു. ജില്ലയിൽ പ്ലസ്‌ വൺ പ്രവേശനത്തിനപേക്ഷിച്ച വിദ്യാർഥികളുടെ എണ്ണത്തിന്‌ മുകളിൽ സീറ്റുമുണ്ടായിരുന്നു. സീറ്റ്‌ ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ലെന്ന സർക്കാർ ഉറപ്പ്‌ ഇതോടെ പാലിക്കപ്പെട്ടിരിക്കുകയാണ്‌.     Read on deshabhimani.com

Related News