വില വരിഞ്ഞുമുറുക്കാത്ത ഓണം
പത്തനംതിട്ട ഇത്തവണ ഏവർക്കും സുഭിക്ഷമായി ഓണം ആഘോഷിക്കാൻ അവസരം ഒരുങ്ങി. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും തിരുവോണ ഒരുക്കത്തിന്റെ തിരക്കേറി. തിരുവോണത്തിന് ഒരു നാള്‍ മാത്രം ബാക്കിനില്‍ക്കെ സദ്യയൊരുക്കാനും പ്രിയപ്പെട്ടവര്‍ക്ക് പുതു വസ്ത്രങ്ങള്‍ വാങ്ങാനും തിരക്ക്. സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിലും സംസ്ഥാന സർക്കാർ വാക്ക് പാലിച്ചു. രണ്ടുമാസത്തെ പെൻഷൻ ഒരുമിച്ചാണ് അര്‍ഹരായ എല്ലാവര്‍ക്കും എത്തിച്ചത്. ചിലര്‍ക്ക് സഹകരണ ബാങ്കുകൾ വഴിയും മറ്റു ചിലർക്ക് നേരിട്ട് അവരവരുടെ അക്കൗണ്ടുകളിലേക്കുമാണ് പണം എത്തിച്ചത്. അവശ്യ സാധനങ്ങൾക്ക് എവിടെയും ഒരു കുറവുമില്ല. പൊതുവിപണിയിലും വില നന്നേ കുറഞ്ഞു. ആഘോഷ നാളുകളിൽ പൊതുവിപണികളില്‍ വിലക്കയറ്റം എന്ന പല്ലവി സര്‍ക്കാരിനെ ഏതിനും എതിര്‍ക്കുന്ന ഒരു മാധ്യമം പോലും ഉയര്‍ത്തുന്നില്ല. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ ഫലപ്രദമായി എന്നത് തന്നെ കാരണം. കർഷകരിൽ നിന്ന് സാധാരണയില്‍ നിന്നും 10 ശതമാനത്തിലധികം വിലയ്ക്ക് വാങ്ങുന്ന നാടന്‍ പച്ചക്കറികൾ പൊതുവിപണിയിലേതിനേക്കാള്‍ 30 ശതമാനം കുറവിലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. മറ്റ് അവശ്യസാധനങ്ങൾ സപ്ലൈകോയും കൺസ്യൂമർഫെഡും സഹകരണ ഓണച്ചന്തകളും വഴി എവിടെയും സുലഭം. കുടുംബശ്രീ വഴിയും നാടിന്റെ തനത് നാടന്‍ വിഭവങ്ങൾ ഗുണമേന്മയോടെ ലഭ്യമാക്കി. പത്തനംതിട്ടയിൽ കുടുംബശ്രീയുടെ സംസ്ഥാന വിപണമേള പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടക്കുന്നു. ശനി രാത്രി വരെ മേള തുടരും. തുണിക്കടകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. മത്സരിച്ചെന്നോണം വിവിധ സ്ഥാപനങ്ങള്‍ വലിയ കിഴിവാണ് ഇത്തവണ വാഗ്ദാനം ചെയ്തത്. സ്കൂൾ കുട്ടികൾക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് വിതരണം സമയബന്ധിതമായി പൂർത്തിയാക്കി. മഞ്ഞക്കാര്‍ഡുകാർക്കും അഗതി മന്ദിരങ്ങളിലെ താമസക്കാർക്കും സൗജന്യ ഓണക്കിറ്റുകളും നൽകി. ഇന്ന് ഉത്രാടം. അവസാനവട്ട ഒരുക്കവുമായി തിരക്കേറുന്ന ദിനം. ഓണത്തിന് ശേഷം ജില്ലയ്ക്ക് വള്ളം കളിയുടെ നാളുകളുമായി. Read on deshabhimani.com